കോതമംഗലം: ആദിവാസി കുടികളിലേക്കു ദുരിതാശ്വാസ സഹായവുമായിപ്പോയ വൈദികരും കന്യാസ്ത്രീകളും അത്മായരുമടങ്ങിയ ഏഴംഗസംഘം വെള്ളപ്പൊക്കത്തിൽ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒരു ദിവസം വനത്തിലെ ഗ്രാമത്തിൽ കുടുങ്ങി. കല്ലേലിമേട് പ്രദേശത്തെ ആദിവാസി കോളനികളിലേക്കു ദുരിതാശ്വാസ സഹായവുമായി പോയതായിരുന്നു സംഘം.
കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഡോ. തോമസ് പറയിടം, കല്ലേലിമേട് പളളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം, കുത്തുകുഴി പാറമേൽ ഫ്രാൻസിസ്, സിസ്റ്റർ ജോണ്സി എംഎസ്ജെ, സിസ്റ്റർ ഹേമ എംഎസ്ജെ, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയിലെ മാതൃവേദി അംഗങ്ങളായ പാറക്കുഴി ത്രേസ്യാമ്മ ആന്റണി, പുത്തംപേരൂർ മേരിമ്മ മാത്യു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കനത്ത മഴയെ തുടർന്ന് വനപാത ഒലിച്ചു പോകുകയും പുഴയിൽ വെള്ളം ഉയരുകയും ചെയ്തതോടെ ബ്ലാവന കടത്ത് സർവീസ് നിർത്തിവച്ചു. ഇതോടെ ഇവർക്ക് തിരികെ മടങ്ങാനായില്ല. കോതമംഗലത്തു നിന്നു കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30നാണ് സംഘം പുറപ്പെട്ടത്. കല്ലേലിമേട് പ്രദേശത്ത് മഴക്കെടുതിയെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയംകുടി, തേരക്കുടി, ഉറിയംപെട്ടി എന്നീ ആദിവാസി കുടികളിൽ സഹായം എത്തിച്ച് വൈകുന്നേരത്തോടെ തിരികെ മടങ്ങുവാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
പൂയംകുട്ടി പുഴയിൽ ബ്ലാവന കടത്ത് കടവ് കടന്നു മറുകരയെത്തി അവിടെനിന്നു ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഏറെയുള്ള ദുർഘടമായ കാനനപാതയിലൂടെ ജീപ്പിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആദിവാസി കോളനികളിൽ എത്തിയത്. ഉച്ചയോടെ കോളനിയിലെത്തിയ സംഘം കന്പിളിപ്പുതപ്പുകളും കുട്ടികൾക്ക് സ്കൂൾബാഗും കുടയും പഠനോപകരണങ്ങളും ഉൾപ്പെടെ വിതരണം ചെയ്തു.
കോതമംഗലത്തേക്ക് മടങ്ങുന്നതിനായി ബ്ലാവന കടത്തിൽ വൈകുന്നേരം നാലോടെ ഇവർ എത്തിയെങ്കിലും പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ കടത്ത് സർവീസ് നിർത്തിവച്ചിരുന്നു. ഏറെ നേരം കാത്തുനിന്നെങ്കിലും ജലനിരപ്പ് കുറയുകയോ കടത്ത് പുനരാരംഭിക്കുകയോ ചെയ്തില്ല. ഇതിനിടെ മറുകരയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസിന്റെ അഭ്യർഥന മാനിച്ച് കല്ലേലിമേട് പളളിയിലേക്ക് ഇവർ തിരികെ മടങ്ങുകയായിരുന്നു.
ബ്ലാവനയിൽനിന്നു മടങ്ങും മുന്പ് ടെലഫോണിൽ ബിഷപ്സ് ഹൗസിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതിനാൽ പരിഭ്രാന്തി ഒഴിവായി. പിന്നീട് കല്ലേലിമേട്ടിലെത്തിയ സംഘത്തിന് പള്ളിയിലും ഗ്രാമത്തിലെ ഭവനങ്ങളിലുമായി നാട്ടുകാർ താമസസൗകര്യം ഒരുക്കി. ഇതിനിടെ രാത്രി വീണ്ടും മഴ കനത്തതോടെ ഇവർക്ക് മടങ്ങുവാനുള്ള ഏക മാർഗമായിരുന്ന വനപാതയും കുത്തിയൊലിച്ചുപോയി. ഇതോടെ മടക്കയാത്ര വീണ്ടും പ്രതിസന്ധിയിലായി.
സ്ഥലത്ത് ഫോണിന് റേഞ്ച് ഇല്ലാതെ വന്നതോടെ പുറംലോകവുമായി ബന്ധപ്പെടുന്നതിനു സാധിക്കാതെ വന്നു. ഇന്നലെ രാവിലെ കല്ലേലിമേട് ഇടവകാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെയുള്ള അന്പതോളം പേർ ചേർന്ന് കഠിനാധ്വാനം ചെയ്തു വനപാത താത്ക്കാലിക സഞ്ചാര യോഗ്യമാക്കിയാണ് സംഘത്തെ വീണ്ടും ബ്ലാവനയിൽ എത്തിച്ചത്.
പ്രദേശത്ത് ഉച്ചമുതൽ മഴകുറഞ്ഞു ബ്ലാവനയിൽ കടത്ത് സർവീസ് പുനരാംരംഭിച്ചതോടെ ഇവർക്ക് മറുകരെ എത്താനായി. വൈകുന്നേരത്തോടെയാണ് കോതമംഗലത്ത് ഇവർ തിരിച്ചെത്തിയത്. ബ്ലാവനകടവിൽ പാലം നിർമിക്കാത്തതിനാൽ ആദിവാസികളും കുടിയേറ്റ കർഷകരുമടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങൾ മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതം നേരിട്ട് അനുഭവിച്ചറിയാനായെന്നു സംഘാംഗങ്ങൾ പറഞ്ഞു.