കടുപ്പശേരി: ശുദ്ധജലം ലഭിക്കേണ്ടതു ജനങ്ങളുടെ അവകാശമാണെന്നും അതു നൽകേണ്ടതു ഭരണകർത്താക്കളുടെ കടമയാണെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. വെങ്കൊളംചിറ നിറയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 വരെ മുടക്കം കൂടാതെ നിറയ്ക്കാറുള്ള ഈ ചിറ കഴിഞ്ഞ വർഷം മുതൽ നിറച്ചിട്ടില്ല. വേളൂക്കര, ആളൂർ പഞ്ചായത്ത് നിവാസികൾക്കു ശുദ്ധജലം ലഭിക്കാനുതകുന്നതാണിത്. സമീപ പ്രദേശങ്ങളിലെ ചിറകളെല്ലാം ആഴ്ചകൾക്കുമുന്‍പേ നിറച്ചു കഴിഞ്ഞിട്ടും വേളൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ചിറ നിറയ്ക്കാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
രണ്ട് കോളനികളുൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഇതോടെ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. പി. എൽ. ജോർജ് പട്ടത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. സിജോയ് തോമസ്, പോൾസണ്‍ പറപ്പുള്ളി എന്നിവർ പ്രസംഗിച്ചു.