തൃശൂർ: രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാഹിത്യകാരന്മാർ അടക്കമുള്ള 49 പ്രമുഖർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവും രാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള നീക്കവുമാണെന്നു കേരള കോണ്ഗ്രസ്-എം ഉന്നതാധികാര സമിതിയംഗവും മുൻ ഗവ. ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.
ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെയും ദളിതരടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെയും വേട്ടയാടുന്ന മോദി ഭരണത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നും കൂട്ടിച്ചേർത്തു.
കേരള കോണ്-എം ജില്ലാ പ്രസിഡന്റും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ജോണ്സണ് കാഞ്ഞിരത്തിങ്കൽ, തോമസ് ആന്റണി, സി.ടി. പോൾ, ഇട്ടേച്ചൻ തരകൻ, തോമസ് ചിറമ്മൽ, അഡ്വ.കെ.വി. സെബാസ്റ്റ്യൻ, അഡ്വ. പയസ് മാത്യു, അഡ്വ. ജെയിംസ് തോട്ടം, എ.എൽ. ആൻണി, പ്രസാദ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.