മുണ്ടക്കയം: നിമിഷാർധംകൊണ്ട് പ്രളയം എല്ലാം കവർന്നപ്പോൾ രോഗിയായ മകനെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് ചിറ്റടി സ്വദേശി കണ്ടത്തിൽപറമ്പിൽ തോമസ്.
കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ തോമസിന്റെ വീടും വീട്ടുപകരണങ്ങളുമെല്ലാം പൂർണമായും നശിച്ചു. ചെളിയിൽ കുതിർന്ന ഒരു ചാക്ക് തുണിക്കഷണങ്ങൾ അല്ലാതെ മറ്റൊന്നും പ്രളയം അവശേഷിപ്പിച്ചില്ല.
മുണ്ടക്കയം 35ാം മൈലിലെ ഓട്ടോ ഡ്രൈവറാണ് തോമസ്. ഭാര്യ ഷൈബി. പ്ലസ്ടു വിദ്യാർഥിനിയായ അന്ന (17), ഷാരോൺ (15), അലക്സ (രണ്ട്), എട്ടു മാസം പ്രായമായ അയാൻ എന്നിവരാണ് മക്കൾ.
ഭിന്നശേഷിക്കാരനായ ഷാരോണിന്റെ ചികിത്സയ്ക്കായി ഉള്ള കിടപ്പാടം വിറ്റു.
തമിഴ്നാട്ടിലും കേരളത്തിലുമായി കുട്ടിയുടെ ഓപ്പറേഷൻ അടക്കമുള്ള ചികിത്സയ്ക്ക് ഭാരിച്ച ചെലവ് വേണ്ടിവന്നു. ഇപ്പോഴും കുട്ടിയുടെ ചികിത്സയ്ക്കായി നല്ലൊരു തുക തോമസിന് കണ്ടെത്തേണ്ടതുണ്ട്.
പിന്നീട് കൂലിപ്പണി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചും കിട്ടിയ സമ്പാദ്യംകൊണ്ട് ചിറ്റടിയിൽ ഒരു ചെറിയ വീടും പുരയിടവും വാങ്ങി. ഇതിന്റെ ബാധ്യത തീർക്കും മുമ്പേ പ്രളയം എല്ലാം കവരുകയായിരുന്നു.
വീടും വീട്ടുപകരണങ്ങളും കുട്ടികളുടെ സ്വർണവും തുണിയും അടക്കം എല്ലാം നിമിഷാർധം കൊണ്ട് പ്രളയത്തിൽ ഒലിച്ചു പോവുകയായിരുന്നു. ഇപ്പോൾ ചിറ്റടി പുളിക്കൽ ജോജിയുടെ വീടിനോടനുബന്ധിച്ച് താമസിക്കുകയാണ്.
രോഗിയായ കുട്ടിയുമായി ഇനി എന്ത് ചെയ്യണമെന്നറിയാതെ നെടുവീർപ്പിടുകയാണ് ഈ നിർധന കുടുംബം.