കോട്ടയം: ആറു മിനിറ്റ് 45 സെക്കൻഡിൽ 14 ആവശ്യങ്ങൾ ഉന്നയിച്ചു തോമസ് ചാഴികാടൻ എംപി. ലോക്സഭയിൽ കഴിഞ്ഞ ദിവസം നടന്ന റെയിൽവേ ധനാഭ്യർഥന ചർച്ചയിലാണ് തോമസ് ചാഴികാടൻ തനിക്ക് അനുവദിച്ച സമയത്തിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട 14 ആവശ്യങ്ങൾ ഉന്നയിച്ചത്.
കേരളത്തിന് അർഹമായ പരിഗണന റെയിൽവേ വികസനത്തിന് നൽകുന്നില്ലെന്നും പുതിയ പദ്ധതികൾ റെയിൽവേ കേരളത്തിന് അനുവദിക്കുന്നില്ലെന്നും തുടങ്ങിവച്ച വികസനം പൂർത്തിയാക്കുന്നതിന് ആവശ്യമായ പണം അനുവദിക്കാതിരിക്കുന്നതിനു മാറ്റമുണ്ടാവണമെന്നുമാണ് ആദ്യമായി ഉന്നയിച്ചത്.
ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 18 കിലോമീറ്റർ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ അടിയന്തര നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുക, കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ടു ഗുഡ് ഷെഡ് ഏരിയയിൽ നിന്നുമുള്ള പ്രവേശന ഗേറ്റിന്റെ നിർമാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. കോട്ടയത്ത് കോച്ച് ടെർമിനൽ നിർമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുക, മുളന്തുരുത്തി, കുറുപ്പന്തറ, മാഞ്ഞൂർ, കാരിത്താസ് എന്നിവിടങ്ങളിലെ റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കുക, കോട്ടയത്തും കുമാരനല്ലൂരിലും അടിപ്പാത നിർമിക്കുന്നതിനു നടപടികൾ സ്വീകരിക്കുക, കേരളത്തിൽനിന്ന് ബംഗളൂരുവിന് ഒരു ട്രെയിൻ കൂടി അനുവദിക്കുക, പാലരുവി, വഞ്ചിനാട്, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പനുവദിക്കുക, ശബരി റെയിൽവേ പദ്ധതി പൂർത്തിയാക്കുന്നതിന് ബജറ്റുവിഹിതത്തിനു പുറമെ കൂടുതൽ തുക അനുവദിക്കുക, തിരുവനന്തപുരത്ത് ഹെഡ്ക്വാർട്ടേഴ്സോടുകൂടിയ റെയിൽവേ സോണ്‍ ഉടൻ അനുവദിക്കുക, മോശമായ അവസ്ഥയിലുള്ള കേരള എക്സ് പ്രസിലെയും മംഗള എക്സ്പ്രസിലെയും ബോഗികൾ അടിയന്തരമായി മാറിനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് തോമസ് ചാഴികാടൻ ചർച്ചയിൽ ഉന്നയിച്ചത്.