പത്തനംതിട്ട: ചണ്ഡിഗഢിലെ കരസേന ബേസ് ക്യാമ്പില്‍ എത്തിച്ച തോമസ് ചെറിയാന്റെ മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. തോമസ് ചെറിയാന്റെ മൂത്ത സഹോദരന് പരേതനായ തോമസ് മാത്യുവിന്റെ വീട്ടില്‍ അന്ത്യശുശ്രൂഷ നടക്കും. തുടര്‍ന്ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരം നടത്തും.
1968ല്‍ ഫെബ്രുവരി ഏഴിനാണ് ഹിമാചല്‍ പ്രദേശിലെ റോത്താേംഗ് പാസില്‍ തോമസ് ചെറിയാന് അടക്കം 102 സൈനികര്‍ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. തകര്‍ന്നു വീണതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതേവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിനിടെയാണ് തോമസ് ചെറിയാന്, സ്വദേശി നാരായണ്‍ സിംഗ്, മല്ഖാസിംഗ് എന്നീ സൈനികരുടെ മൃതദേഹങ്ങള്‍ കിട്ടിയത്. യൂണിഫോമില്‍ നെയിംബോര്‍ഡും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബുക്കില്‍ നിന്നുമാണ് തോമസ് ചെറിയാനെ തിരിച്ചറിഞ്ഞത്.
ഇതേ അപകടത്തില്‍പെട്ട കോഴഞ്ചേരി കാട്ടൂര്‍ വയലത്തല ഈട്ടിനില്‍ക്കുന്ന കാലായില്‍ ഇ. എം. തോമസിനെയും ഇതേവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടാകുമ്പോള്‍ 21 വയസായിരുന്നു തോമസിന്. ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ ബന്ധു കൂടിയാണ് തോമസ്.
കരസേന ഇലക്്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ക്രാഫ്റ്റ്മാനായിരുന്ന തോമസ് ചെറിയാന് 22മത്തെ വയസിലാണ് മരിച്ചത്. പതിനെട്ടം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. ട്രെയിനിംഗ് പൂര്‍ത്തിയാക്കി ആദ്യ പോസ്റ്റിംഗ് സ്ഥലമായ ലേ ലഡാക്കിലേക്ക് ചണ്ഡിഗഢില്‍ നിന്ന് പോകുമ്പോഴായിരുന്നു അപകടം. ലേയിലേക്ക് പോകുന്നുവെന്ന തോമസ് ചെറിയാന്റെ കത്ത് വീട്ടില്‍ ലഭിച്ചതിന്റെ പിറ്റേന്നായിരുന്നു വിമാനം കാണാതായത്.
സഹോദരങ്ങളായ തോമസ് തോമസും തോമസ് വർഗീസും സഹോദരി മേരി തോമസുമാണ് ഇപ്പോള്‍ ഇലന്തൂരിലുള്ള അടുത്ത ബന്ധുക്കള്‍. കരസേനയിലായിരുന്ന മൂത്ത സഹോദരന് തോമസ് മാത്യു, തോമസ് ചെറിയാന്റെ അപകടത്തോടെ ജോലി മതിയാക്കി നാട്ടിലെത്തി. കുറച്ചുകാലം വനപാലകനായി. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.