പത്തനംതിട്ട: കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ പരാജയം സിപിഎമ്മില്‍ ചര്‍ച്ചയാകും. പത്തനംതിട്ട മണ്ഡലത്തില്‍ വിജയപ്രതീക്ഷയുമായെത്തിയ തോമസ് ഐസക്കിന് കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ വോട്ടുപോലും നേടാനായില്ലെന്നതാണ് ചര്‍ച്ചയാകുന്നത്.
2009നുശേഷം ആന്റോ ആന്റണിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളുള്‍പ്പെടെ ഏഴിടത്തും യുഡിഎഫ് വ്യക്തമായ ലീഡും നേടി. പത്തനംതിട്ട ലോക്സഭാ മണ്ഡല പരിധിയിലെ ഏഴ് എംഎല്‍എമാരും എല്‍ഡിഎഫിന്റേതാണ്.
ഇവരില്‍ മന്ത്രി വീണാ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന ആറന്മുള മണ്ഡലത്തിലാണ് ആന്റോയ്ക്ക് ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്. 2019ല്‍ എല്‍ഡിഎഫ് ലീഡ് ചെയ്ത അടൂര്‍ മണ്ഡലത്തിലും ഇത്തവണ പിന്നിലായി. അക്കൊല്ലം അടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. കേരള കോണ്‍ഗ്രസ് എം എംഎല്‍എമാര്‍ പ്രതിനിധാനം ചെയ്യുന്ന റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും യുഡിഎഫ് ഏറെ മുന്നിലെത്തി.
തോമസ് ഐസക്കിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സിപിഎമ്മില്‍ നിലനിന്ന അസ്വാരസ്യങ്ങള്‍ വോട്ടെടുപ്പിലും പ്രതിഫലച്ചതായാണു സൂചനകള്‍. ഒരു മണ്ഡലത്തിലും കഴിഞ്ഞതവണത്തെ വോട്ടു പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുനിലയില്‍ നിന്ന് ഏറെ പിന്നിലുമായി.