കൽപ്പറ്റ: വിശ്വപ്രസിദ്ധ ബോസ്റ്റണ്‍ ഫുൾ മാരത്തണിൽ 55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കാൻ വയനാട്ടുകാരൻ ലോറി ഡ്രൈവർ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസ് യോഗ്യത നേടി.
ജനുവരി 19നു നടന്ന ടാറ്റ മുംബൈ ഇന്റർനാഷണൽ ഫുൾ മാരത്തണിൽ 55 പ്ലസ് വിഭാഗത്തിൽ അഞ്ചാമനായി ഫിനിഷ് ചെയ്തതാണ് തോമസിനു ബോസ്റ്റണ്‍ മാരത്തണിൽ ഒരുകൈ നോക്കുന്നതിനു വഴിതുറന്നത്.
മുംബൈ മാരത്തണിൽ മൂന്നു മണിക്കൂറും 34 മിനിറ്റുമെടുത്താണ് തോമസ് 42 കിലോമീറ്റർ ഓടിത്തീർത്തത്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ബോസ്റ്റണ്‍ മാരത്തണിൽ മാറ്റുരയ്ക്കാനാണ് തോമസിന്റെ തീരുമാനം.
ആറു വർഷമായി ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ സജീവമാണ് തോമസ്. ഇതിനകം നിരവധി മെഡലുകളാണ് ഓടിയെടുത്തത്. 2018ൽ ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് മീറ്റിൽ പത്തു കിലോമീറ്റർ ഓട്ടത്തിൽ സ്വർണവും അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ വെള്ളിയും 1500 മീറ്ററിൽ വെങ്കലവും നേടി അക്കൊല്ലം സ്പെയിനിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് മീറ്റിൽ മത്സരിക്കുന്നതിനു യോഗ്യത നേടിയിരുന്നു.
എന്നാൽ സാന്പത്തികബുദ്ധിമുട്ടുകൾ മൂലം സ്പെയിൻ യാത്ര മുടങ്ങി. 2019 ഡിസംബർ ഒന്നിനു നടന്ന കൊച്ചി ഫുൾ മാരത്തണിൽ സ്വർണം നേടിയ തോമസ് ഈ വർഷം വേറേയും നേട്ടങ്ങൾ കൊയ്തു.
കണ്ണൂർ മാങ്ങാട്ടുപറന്പിൽ ജനുവരി അഞ്ചിനു നടന്ന ഓൾ കേരള മാസ്റ്റേഴ്സ് മീറ്റിൽ 55 പ്ലസ് വിഭാഗത്തിൽ പത്തു കിലോമീറ്ററിലും അഞ്ചു കിലോമീറ്ററിലും ഒന്നാമനായി ഫിനിഷ് ചെയ്ത തോമസ് 1,500 മീറ്ററിൽ വെള്ളി നേടി.
ഫെബ്രുവരി ഒന്‍പതിലെ മണിപ്പാൽ ഹാഫ് മാരത്തണിൽ സ്വർണം നേടിയ അദ്ദേഹം ഫെബ്രുവരി 23ലെ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് ഡൽഹി മാരത്തണിൽ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്.
രണ്ടു പതിറ്റാണ്ടായി ലോറി ഡ്രൈവറാണ് തോമസ്. കൃഷിയിൽനിന്നുള്ള വരുമാനം കുടുംബം പോറ്റാൻ തികയാതെവന്നപ്പോഴാണ് വളയം പിടിക്കുന്നതിനു മുംബൈയ്ക്കു വണ്ടികയറിയത്.
തൊഴിലിനിടെ കഴുത്തുവേദന അലട്ടിയപ്പോൾ വ്യായാമത്തിനു തുടങ്ങിയ നടത്തമാണ് പിൽക്കാലത്തു തോമസിനെ മാസ്റ്റേഴ്സ് മീറ്റുകളിലെ മിന്നും താരമാക്കിയത്.
സ്കൂൾ വിദ്യാഭ്യാസകാലത്താണ് തോമസിനു സ്പോർട്സിൽ കന്പം ഉണ്ടായിരുന്നില്ല. 2014ൽ മുത്തൂറ്റ് ഫിനാൻസ് കൊച്ചിൻ മാരത്തണിൽ പങ്കെടുത്തപ്പോഴാണ് തന്നിലെ ദീർഘദൂര ഓട്ടക്കാരനെ തിരിച്ചറിഞ്ഞതെന്നു തോമസ് പറയുന്നു.
കൊച്ചി മാരത്തണിൽ രണ്ടു മണിക്കൂർ 13 മിനിറ്റ് 41 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയപ്പോൾ തോമസ് 44-ാം സ്ഥാനത്തായിരുന്നു. ശേഷി തിരിച്ചറിഞ്ഞ അദ്ദേഹം ജോലി ഇല്ലാത്ത ദിവസങ്ങളിൽ പരിശീലനത്തിൽ ഏർപ്പെട്ടു.
താമരശേരി ചുരത്തിലെ അടിവാരം മുതൽ ലക്കിടി വരെ കയറ്റം നിർത്താതെ ഓടിക്കയറുന്നതായിരുന്നു പരീശീലനമുറകളിലൊന്ന്. മൂന്നു വർഷത്തിനുശേഷം, 2017ൽ നടന്ന 21 കിലോമീറ്റർ കൊച്ചിൻ മാരത്തണിൽ തോമസായിരുന്നു ഒന്നാമൻ.
2017ൽ കൊച്ചി ഹാഫ് മാരത്തണിൽ 55 പ്ലസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോമസിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കാറാണ് മെഡൽ അണിയിച്ചത്.
ഇതു ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നു തോമസ് പറയുന്നു. അറുപതിനടുത്താണ് തോമസിനു ഇപ്പോൾ പ്രായം. എങ്കിലും ഇനിയും ഏറെ അങ്കൾക്കു ബാല്യം ഉണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം.
പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദന്പതികളുടെ ആറു മക്കളിൽ അഞ്ചാമനാണ് തോമസ്. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം.