വണ്ണപ്പുറം: തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറുമാടം തകര്‍ന്ന നിലയില്‍. ഏറുമാടത്തിന്റെ അടിവശമാണ് തകര്‍ന്നിരിക്കുന്നത്. മൂന്നുവര്‍ഷത്തോളം ഏറുമാടത്തിന് പഴക്കമുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. ഇതിനുപുറമേ ആനശല്യവും ഇവിടെ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ഒമ്പതോളം ആനകളെ ഈ ഏറുമാടത്തിന്റെ താഴ്ഭാഗത്തായി കണ്ടതായി പറയുന്നു. ഈ ആനകള്‍ ഏറുമാടത്തിന്റെ അടിത്തൂണുകള്‍ നശിപ്പിച്ചു. രാവിലെ ഏട്ടരയോടാണ് ആന കൂട്ടമെത്തിയത്. ആനകള്‍ വെയിസ്റ്റ് ടിന്നും സുരക്ഷാ മുള്ളു കമ്പികളും നശിപ്പിക്കുകയും ചെയ്തു.
വൈകുന്നേരങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായി ചിലപ്പോള്‍ വരാറുണ്ട്. നാല്പതോളം വനസമിതി ഗൈഡുകള്‍ ഉണ്ടിവിടെ. ഇതില്‍ ഓരോ ദിവസവും ഡ്യൂട്ടിയുള്ളത് ഏഴുപേരു വീതമാണ്. ഇവരെ ഏഴുപേരെയും ഒരോ സുരക്ഷാ പോയിന്റുകളിലാണ് നിയമിച്ചിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രത്തിലെ സന്ദര്‍ശന സമയം രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരെയാണ്. അഞ്ചാകുമ്പോഴേക്കും ഈ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുട്ട് വീഴാന്‍ തുടങ്ങും. 24 മണിക്കൂറും ഇവിടെ ഡ്യൂട്ടിയ്ക്ക്ആളുകള് വേണമെന്നാണ് ചട്ടം. എന്നാല്‍ ജീവന് പണയം വച്ചാണ് വനപാലകരും മറ്റും ഈ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നത്.