വണ്ണപ്പുറം: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശു പിഴുതു നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തമായി തുടരവേ സ്ഥലത്ത് അധികാരം സ്ഥാപിക്കാനായി ഭൂമിയുടെ രേഖകൾ തേടി വനംവകുപ്പ് റവന്യു അധികൃതരെ സമീപിച്ചു.
വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കുരിശു പിഴുതെടുത്ത ഭൂമി കൈവശഭൂമിയല്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. സംഭവം ഏറെ വിവാദമായതോടെ രേഖകളിൽ വനഭൂമിയെന്നു രേഖപ്പെടുത്തിയിരിക്കുന്നതായി സ്ഥാപിച്ചെടുക്കാനാണ് നീക്കം.
ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്തു കഴിയുന്ന ഭൂമിയിൽ റവന്യു – വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്താത്തതിനാൽ ഇതെല്ലാം വനഭൂമിയെന്നു വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. 1991 മുതൽ നിരവധിത്തവണ പ്രദേശത്ത് സംയുക്ത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല.
റവന്യുവകുപ്പിന്റ 2020 ജൂണ്‍ രണ്ടിലെ ഉത്തരവ് പ്രകാരം ജണ്ടയ്ക്കു പുറത്തുള്ള സ്ഥലത്തിന് സംയുക്ത പരിശോധന നടത്താതെതന്നെ പട്ടയം നൽകാമെന്നിരിക്കെയാണ് വനംവകുപ്പ് പഴയ ബിടിആർ രജിസ്റ്റർ പ്രകാരമുള്ള രേഖകൾ കാട്ടി കുരിശു പിഴുതെടുത്ത സ്ഥലം വനഭൂമിയാണെന്നു സ്ഥാപിച്ച് നൂറുകണക്കിന് കർഷകരെ കുടിയിറക്കാമെന്നു വ്യാമോഹിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്ത് സംയുക്ത പരിശോധന നടത്താത്തതിനാൽ ഇവിടം റിസർവ് ഫോറസ്റ്റ് എന്ന പേരിലാണ് ബേസിക് ടാക്സ് രജിസ്റ്ററിൽ ഉള്ളതെന്നും എന്നാൽ ജണ്ടയ്ക്കു പുറത്തുള്ള ഭൂമിയായതിനാൽ 2020ലെ സർക്കാർ ഉത്തരവു പ്രകാരം പട്ടയം നൽകുന്നതിന് തടസമില്ലെന്നും വണ്ണപ്പുറം വില്ലേജ് ഓഫീസർ പറഞ്ഞു.