മലയാളത്തില്‍ തരംഗമായ സിനിമകളില്‍ ഒന്നാണ് തൊമ്മനും മക്കളും. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്. അച്ഛനായി രാജന് പി. ദേവും മക്കളായി മമ്മൂട്ടിയും ലാലും മത്സരിച്ചഭിനയിച്ച സിനിമ കൂടിയാണ് തൊമ്മനും മക്കളും.
അതേസമയം തൊമ്മനും മക്കള്‍ സിനിമ പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചതെന്നു പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. തൊമ്മനും മക്കളും മമ്മൂട്ടിക്ക് വേണ്ടിയായിരുന്നില്ല എഴുതിയത് എന്ന് തിരക്കഥാകൃത്ത് പറയുന്നു.
പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയായിരുന്നു ഇത്. എന്നാല്‍ ആ സമയത്ത് പൃഥ്വിരാജിന് തമിഴില്‍ ഒരുപടം അതേ ഡേറ്റില്‍ വന്നു. ആ സമയത്തുതന്നെ ലാല്‍ നിര്‍മിക്കുന്ന ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്.
അന്ന് ലാലാണ് സിനിമയുടെ കഥ മമ്മൂക്കയോട് പറഞ്ഞാലോ എന്ന് ചോദിക്കുന്നത്. സ്ക്രിപ്റ്റിലാണെങ്കില് അല്പം ലൗ ട്രാക്ക് ഒകെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചു മാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു.
എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു. അങ്ങനെ ബ്ലാക്കിന്റെ സെറ്റില്‍ പോയി. ഷൂട്ടിംഗ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ട്. പൃഥ്വിരാജാണ് അഭിനയിക്കുന്നതെന്നു പറഞ്ഞു.
കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് മമ്മൂക്ക പറഞ്ഞു. കഥ പറയാന്‍വേണ്ടി താന്‍ മുന്നിലാണ് ഇരിക്കുന്നത്. ലാലേട്ടന് പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. മമ്മൂക്ക കഥ കേട്ടു. ഗംഭീര റോളല്ലെ ഇത്. പൃഥ്വിരാജ് എങ്ങനെയെന്ന് ചോദിച്ചു.
രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട് എന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് ചെയ്യാമയോന്ന് ലാൽ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്തതാണ് ആ പടം.
-പിജി