ജോണ്സണ് പൂവന്തുരുത്ത്
തിരക്കേറിയ നഗരത്തിന്റെ തിക്കുമുട്ടലുകൾക്കിടയിൽനിന്ന് ഒരു ആശ്വാസം കിട്ടിയതുപോലെയാണ് ഹോം ഗാർഡൻ എന്ന നഴ്സറിയിലേക്കു കയറിയപ്പോൾ തോന്നിയത്.
ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ ഹോം ഗാർഡന്റെ മുറ്റത്തേക്കു കയറുന്പോൾ തന്നെ കണ്ണിന് ഒരു സുഖം. ഒരു പൂന്തോട്ടമൊരുക്കാനുള്ള എന്തും കോട്ടയം നഗരമധ്യത്തിലെ ഈ നഴ്സറിയിൽ ലഭിക്കും.
കുട്ടികൾക്ക് ഒന്നുരണ്ടു ചെടിച്ചട്ടി വാങ്ങുകയെന്നതായിരുന്നു ഉദ്ദേശ്യം. നഴ്സറിയുടെ ഉടമ സേറ ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചു. ചെറിയ ചെടിച്ചട്ടികൾ തെരയുന്നതിനിടയിലാണ് അലങ്കാരച്ചെടികൾ വച്ച ചെറിയ ചില ചട്ടികൾ ശ്രദ്ധയിൽപ്പെട്ടത്.
അതെടുത്തു കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ സേറ ചേച്ചിയുടെ ശബ്ദം: ‘അതു തൊമ്മുവിന്റെ പൂക്കളാണ്! തൊമ്മു ഒരുക്കിയതാണ് അവയൊക്കെ’. അതോടെ ആകാംക്ഷയായി, ആരാണ് ഈ തൊമ്മു? എന്റെ ചോദ്യത്തിനു സേറ ചേച്ചിയുടെ മറുപടി കേട്ടപ്പോൾ തോന്നി തൊമ്മുവിനെ കാണണം.
തിരിയുന്ന വീൽചെയർ
ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. ഇന്നു തൊമ്മു ഞങ്ങൾക്കായി വീട്ടിൽനിന്ന് ഇവിടെ എത്തിയിട്ടുണ്ട്.
ചെടികൾക്കിടയിലൂടെ നടന്നുകയറുന്പോൾ ആദ്യം കണ്ണിൽ തടഞ്ഞത് ഒരു വീൽചെയറിന്റെ ചക്രങ്ങളാണ്. നിരത്തിവച്ച ചെടിച്ചട്ടികൾക്കിടയിലൂടെ മെല്ലെ തിരിയുകയാണ് ആ വീൽചെയർ. ചെടികളുടെ തലപ്പിൽ തലോടിയും അവയെ നനച്ചും അതിലൊരാൾ.
‘ഇതാണോ നമ്മുടെ തൊമ്മു?…’ ചോദ്യം കേട്ടതും വീൽചെയറിൽ ഇരുന്ന ഈ കൗമാരക്കാരൻ മുഖമുയർത്തി ചിരിച്ചു. ചുറ്റും വിടർന്നു നിൽക്കുന്ന പൂക്കളെക്കാൾ ഭംഗിയുള്ള ചിരി. തൊമ്മു എന്ന തോമസ് മാത്യുവിന്റെ ഈ ചിരിയാണ് ഈ നഴ്സറിയുടെ സൗന്ദര്യം.
തൊമ്മുവിന്റെ കഥ കേൾക്കാൻ ഞങ്ങളൊരുങ്ങി. വീൽചെയറിന്റെ ചക്രമുരുളുന്പോൾ പൂക്കൾ വിരിയുന്ന കഥ, വീട്ടിൽ വളർത്തുന്ന നൂറോളം കോഴികളെ പരിപാലിക്കുന്ന കഥ, വീട്ടിലെ നാടൻ മുട്ട വില്പനയുടെ കഥ, കുസൃതിക്കുടുക്കയായ കുഞ്ഞനുജൻ താരിക്കിന്റെ അധ്യാപകനായ കഥ…
മണ്ണിൽ വിരിഞ്ഞ ടേബിൾ!
തൊമ്മുവിന്റെ കഥ കേട്ടാൽ നിങ്ങളുടെ മനസിലും ഒരായിരം നിറമുള്ള പൂക്കൾ വിരിയും. മുള്ളുകൾ കുത്തിനോവിക്കുന്പോഴും ഞെരിഞ്ഞുപോവാതെ കരുത്തോടെ വിടർന്നു നിൽക്കുന്ന പൂവാണ് ഈ ജീവിതം.
വീൽചെയറിൽ ഉറച്ചിരിക്കാൻ പ്രയാസപ്പെടുന്ന തൊമ്മുവിനോടു ചേർന്നിരുന്നുകൊണ്ട് മാതാപിതാക്കളായ മാത്യു തോമസും സേറ മാത്യുവും അവന്റെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി.
കുറച്ചുനാൾ മുന്പുവരെ കോട്ടയം പുല്ലരിക്കുന്ന് വട്ടശേരിൽ വീടിന്റെ ഡൈനിംഗ് ഹാളിലേക്കു കയറിച്ചെല്ലുന്ന അതിഥികൾ അന്പരക്കുമായിരുന്നു.
കാരണം സാധാരണ പലരും പൂക്കളും വിലയേറിയ പാത്രങ്ങളുമൊക്കെ നിരത്തിയാണ് ഡൈനിംഗ് ടേബിൾ അലങ്കരിക്കുന്നത്. എന്നാൽ, വട്ടശേരിൽ വീടിന്റെ ഡൈനിംഗ് ടേബിളിന്റെ അലങ്കാരം കൂന കൂട്ടിയിരുന്ന കല്ലും ചെളിയും നിറഞ്ഞ മണ്ണ് ആയിരുന്നു!
വീടിനുള്ളിലൂടെ തന്റെ ചക്രക്കസേര ഉരുട്ടിയെത്തുന്ന തൊമ്മുവിനു മണ്ണുനിറച്ചു ചെടികൾ നട്ടുപിടിക്കാനുള്ള സൗകര്യത്തിനായിരുന്നു ഈ മാതാപിതാക്കൾ ടേബിളിൽ മണ്ണുനിറച്ചു നൽകിയത്.
മണ്ണിനെ തൊട്ട ചക്രങ്ങൾ
യാതൊരു കുഴപ്പവുമില്ലാതെ ഓടിച്ചാടി നടക്കുന്ന നമ്മുടെ കുട്ടികളിൽ പലരും ഇന്നു മണ്ണ് എന്നു കേൾക്കുന്പോഴേ മുഖം ചുളിക്കും. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും കാലഘട്ടത്തിൽ മണ്ണിന്റെ മണവും ഗുണവുമൊന്നും അവരിൽ പലരും തിരിച്ചറിയുന്നതേയില്ല.
മക്കളെ മണ്ണിനോട് അടുപ്പിക്കാൻ മാതാപിതാക്കളും മറന്നുപോകുന്നു. അവിടെയാണ് തൊമ്മുവിന്റെ ഡൈനിംഗ് ടേബിൾ വേറിട്ട കാഴ്ചയാകുന്നത്.
വീൽ ചെയറിൽ ആയിരുന്നിട്ടും മണ്ണിനോടും ചെടികളോടുമുള്ള അവന്റെ പ്രണയത്തിനു നേർക്കു കണ്ണടയ്ക്കാൻ അവർക്കു കഴിയുമായിരുന്നില്ല, ഡൈനിംഗ് ടേബിളിൽ മാത്രമല്ല വീട്ടിൽ എവിടെയും അവനുവേണ്ടി മണ്ണും ചെടിയും നിറയ്ക്കാൻ അവർ ഒരുക്കമായിരുന്നു.
ചെറിയ ചെടിച്ചട്ടികളിൽ നിറച്ച മണ്ണിൽ ചെടികൾ മുളച്ചുവരുന്നതു കാണുന്പോൾ അവന്റെ പുഞ്ചിരി കൂടുതൽ ഭംഗിയുള്ളതായി മാറുന്നതായി ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ചെടികളും പച്ചക്കറികളും വിത്തുകളുമൊക്കെ നിറഞ്ഞ വലിയൊരു പൂന്തോട്ടമായി പതിയെ പതിയെ വീട് മാറുകയായിരുന്നു.
വീൽചെയറിലേക്ക് ഒതുങ്ങാൻ തയാറല്ലാത്ത ഒരു മനസായിരുന്നു തൊമ്മുവിന്റെ കരുത്ത്. ചെടികൾക്കിടയിലൂടെ മാത്രമല്ല അവന്റെ വിശാലമായ കോഴിക്കൂടുകൾക്ക് അരികിലേക്കും ആ വീൽചെയർ ഉരുണ്ടു.
ഇന്നു വീട്ടിൽ വിവിധതരം നൂറിലേറെ കോഴികളുണ്ട്. തൊമ്മുവിന്റെ മേൽനോട്ടം അവിടെയും എത്തി. നാടൻ മുട്ട തേടി നാട്ടുകാർ വീട്ടിലേക്ക് എത്തിത്തുടങ്ങിയതോടെ മുട്ടവില്പനയുടെ ചുമതലയും തൊമ്മു ഏറ്റെടുത്തു. ഇതിനൊക്കെ ഇടയിൽ സ്വന്തം പഠനം.
കൂടാതെ അനുജൻ താരിക്കിനെ പഠിപ്പിക്കണം… ചെടികളെ പരിപാലിക്കാനും പച്ചക്കറി വളർത്താനും കോഴികളെ നോക്കാനുമൊക്കെ തൊമ്മു എന്ന പതിനെട്ടുകാരന്റെ കൂട്ട് രണ്ടാം ക്ലാസുകാരൻ താരിക്ക് ആണ്.
വേദനകൾ ആരുമറിയില്ല!
വീൽചെയറിൽനിന്നു തനിയെ എഴുന്നേറ്റ് ഒന്നും ചെയ്യാൻ കഴിയില്ല. എങ്കിലും ജീവിതം ഈ ചക്രക്കസേരയിൽ ഒതുങ്ങാനുള്ളതല്ലെന്ന തൊമ്മുവിന്റെ തീരുമാനവും മണ്ണിനോടുള്ള സ്നേഹവുമാണ് ചെടികളായും പൂക്കളായുമൊക്കെ അവനു ചുറ്റും വിരിയുന്നത്.
കുട്ടികളിൽ ജന്മനാ അപൂർവമായി കാണപ്പെടുന്ന സ്പൈന ബൈഫിഡ (Spina bifida) എന്ന പ്രശ്നമാണ് തൊമ്മുവിന്റെ ജീവിതത്തെ വീൽചെയറിൽ എത്തിച്ചത്. നട്ടെല്ലും സ്പൈനൽ കോഡും ശരിയായ രീതിയിൽ വികാസം പ്രാപിക്കാത്തതിനാൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണിത്.
നട്ടെല്ലിനു സമീപം മുഴയും തലച്ചോറിലേക്കുള്ള നാഡികളും മറ്റും അതിനുള്ളിൽ കുരുങ്ങിയ സ്ഥിതിയുമാണ് പലരിലും കാണുന്നത്.
സങ്കീർണ ശസ്ത്രക്രിയയാണ് ഇതിനു പലപ്പോഴും ഡോക്ടർമാർ നിർദേശിക്കുന്ന പരിഹാരം. എന്നാൽ, അത് എല്ലാവരിലും വിജയം കാണണമെന്നില്ല. പാളിപ്പോയാൽ അരയ്ക്കു താഴേക്കുള്ള ചലനശേഷി പൂർണമായി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ചെറുപ്പത്തിൽ പ്രശ്നം തിരിച്ചറിഞ്ഞപ്പോൾ മുതൽ തൊമ്മുവിനെ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഡോക്ടർമാരെ കാണിച്ചിരുന്നു.
വെല്ലൂരിലും ചികിത്സ നടത്തി. ശസ്ത്രക്രിയ സാഹസികമായതിനാൽ തത്കാലം ഇങ്ങനെ തന്നെ മുന്നോട്ടുപോകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം.
എങ്കിലും സ്പൈനൽ കോഡുമായി ബന്ധപ്പെട്ടു ലോകത്തു നടക്കുന്ന ഗവേഷണങ്ങൾ വിജയം കണ്ടാൽ ഒരിക്കൽ തൊമ്മു നടക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.
പുഞ്ചിരി തോൽക്കില്ല
പത്താം ക്ലാസ് പരീക്ഷയ്ക്കായി വീൽ ചെയറിൽ ഏറെ സമയം ഇരുന്നു ചെലവഴിച്ചതു തൊമ്മുവിനു സമ്മാനിച്ചത് ഒരു മുറിവായിരുന്നു.
അരയ്ക്കു താഴേക്കു സ്പർശനശേഷി അല്പം കുറവായതിനാൽ മുറിവുണ്ടായത് ആദ്യം ശ്രദ്ധയിൽപ്പെട്ടതുമില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ കുറെനേരം വീൽചെയറിൽ ഇരുന്നുകഴിയുന്പോൾ വേദന കൂടും.
ഇരുന്ന് ഓണ്ലൈൻ ക്ലാസ് കൂടാനുള്ള ശാരീരിക ബുദ്ധിമുട്ടു മൂലം തന്റെ സൗകര്യമനുസരിച്ചു പഠിക്കാൻ ഓപ്പണ് സ്കൂളിൽ കൊമേഴ്സ് കോഴ്സിനു ചേർന്നിരിക്കുകയാണ് തൊമ്മു. ഈ വേദനകൾക്കൊന്നും തൊമ്മുവിന്റെ പുഞ്ചിരിയെ തോൽപിക്കാനായിട്ടില്ല.
എപ്പോഴും അരികിൽ സഹായത്തിന് ആരെങ്കിലും വേണമെങ്കിലും പത്താം ക്ലാസ് വരെ കോട്ടയം ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ പോയിത്തന്നെ പഠിച്ചു. ഷേർളി എന്ന ആയയും അവരില്ലാത്തപ്പോൾ അമ്മയും തൊമ്മുവിനു സ്കൂളിൽ കൂട്ടിരുന്നു.
സ്കൂളിൽ ശാസ്ത്രപ്രദർശനത്തിൽ ഓർഗാനിക് കന്പോസ്റ്റിംഗിന്റെ വർക്കിംഗ് മോഡൽ അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടിയതോടെയാണ് മണ്ണും കൃഷിയുമൊക്കെ തൊമ്മുവിന്റെ കൂട്ടുകാരായി മാറിയത്. പിതാവ് മാത്യു തോമസിന്റെ സഹായത്തോടെയായിരുന്നു ഈ വർക്കിംഗ് മോഡൽ തയാറാക്കിയത്.
കോട്ടയത്ത് മധ്യകേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനം ശാലോം തുടങ്ങിയത് മാത്യു തോമസ് ആയിരുന്നു. 1991ൽ ഒരു എസ്ടിഡി ബൂത്തും ഫോട്ടോസ്റ്റാറ്റ് മെഷീനുമായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനമായി വളർന്നത്.
കൃഷി രക്തത്തിലുള്ളതാണെന്നു മാത്യു തോമസ് പറയുന്നു, സ്വദേശമായ പത്തനംതിട്ട മല്ലപ്പള്ളിയിൽ റബർ, കാപ്പി, പച്ചക്കറി കൃഷിയൊക്കെയുണ്ട്. ഓർഗാനിക് രീതിയിലാണ് കൃഷി. നഴ്സറിയായ ഹോം ഗാർഡന്റെ മേൽനോട്ടം സേറയ്ക്കാണ്.
വരുമാനത്തേക്കാൾ ചെടി പരിപാലനത്തിൽ തൊമ്മുവിന്റെയും താരിക്കിന്റെയും പങ്കാളിത്തവും സന്തോഷവും കാണുന്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനമെന്ന് ഈ ദന്പതികൾ പറയുന്നു. കാരണം, ഈ നഴ്സറിയിലെയും വീട്ടിലെയും ഓരോ ചെടിയും തൊമ്മുവിന്റെ സ്നേഹം തൊട്ടറിഞ്ഞിട്ടുണ്ട്.
തൊമ്മുവുമായി സംസാരിച്ചതിനു ശേഷം ഇറങ്ങുന്പോൾ ഞങ്ങൾക്കും തോന്നി, പ്രചോദനത്തിനു പേരിട്ടാൽ അതിലൊന്നു തൊമ്മു എന്നായിരിക്കും.