ഗാന്ധിനഗർ/ കോട്ടയം: തെലുങ്കാനയിൽ നിന്ന് വീട്ടിലെത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന അധ്യാപകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി മുട്ടപ്പള്ളി സ്വദേശിയായ 50 കാരനെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തെലുങ്കാനയിൽ നിന്നു മുട്ടപ്പള്ളിയിലെ വീടുകളിലെത്തിയ ഈ അധ്യാപകനും ഭാര്യയും മറ്റൊരു അധ്യാപിക ദന്പതികളുമാണ് ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്നത്.
ഇന്നലെ രാത്രിയോടെ തൊണ്ടവേദനയുണ്ടായതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ അനുമതിയോടെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഇന്ന് ഇയാളുടെ സ്രവ സാംപിൾ ശേഖരിക്കും.
അതേസമയം ഇന്നലെ രാത്രിയിൽ മഹരാഷ്്ട്രയിലെ സ്ഥിരതാമസക്കാരനായ തിരുവനന്തപുരം സ്വദേശിയായ 40കാരനെയും നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മാതാവ് കോട്ടയത്തുള്ള സഹോദരനൊപ്പം കഴിയുകയാണ്.
ഇവരെ സന്ദർശിക്കാൻ തിങ്കളാഴ്ച മുംബൈ ചൊവൂരിൽ നിന്നും ടാക്സി കാറിൽ എത്തുകയായിരുന്നു. മുംബൈയിൽ നിന്നു വന്നതിനാൽ കോട്ടയത്തുള്ള ബന്ധുക്കൾ ഇയാളെ വീട്ടിൽ കയറ്റാതെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ സ്രവ സാംപിൾ പരിശോധനയ്ക്കു വേണ്ടി എടുത്തിരുന്നു. ഫലം പ്രതീക്ഷിച്ചിരിക്കേ ഇന്നലെ രാത്രി തൊണ്ടവേദന കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേരും നിരീക്ഷണ വിഭാഗത്തിൽ രണ്ടു പേരുമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിലുള്ളത്.
ജില്ലയിൽ ഇന്നലെ ലഭിച്ച 62 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. ഇനി ലഭിക്കാനുള്ളത് 163 പേരുടെ സ്രവ സാംപിൾ ഫലമാണ്. 86 പേരുടെ സ്രവ സാംപിൾ ഇന്നലെ പരിശോധയ്ക്കായി ശേഖരിച്ചു.
ജില്ലയിൽ ഇന്നലെ വരെ വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നുമായി 3825 പേരെത്തി. വിദേശത്തുനിന്നും 400 പേരും ഇതരസംസ്ഥാനത്തുനിന്നു 3425 പേരുമാണു എത്തിച്ചേർന്നത്.
വിദേശത്തുനിന്നു വന്നവരിൽ 200 വീതം സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്നു. 106 ഗർഭിണികളും 27 കുട്ടികളുമുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് വിമാനത്തിൽ 306 പേരും മാലിദ്വീപിൽനിന്ന് കപ്പൽ മാർഗം 94 പേരും എത്തിയത്.
മേയ് 17നാണ് ഏറ്റവുമധികം പ്രവാസികൾ ജില്ലയിലെത്തിയത്. 99 പേർ. 214 പേർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച കേന്ദ്രങ്ങളിലും 183 പേർ വീടുകളിലുമാണ് ക്വാറന്ൈറിനിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.