തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലെ കെട്ടിടങ്ങൾ ഇടിക്കരുതെന്ന് ആവശ്യപ്പെട്ടു ട്രൈബ്യൂണലിൽ ഹർജി നൽകി. വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കു വേണ്ടി മാത്യു ജോസഫാണ് ഹർജി നൽകിയത്.
ആലപ്പുഴ നഗരസഭ, ചെയർമാൻ, മുനിസിപ്പൽ എൻജിനിയർ എന്നിവരാണ് എതിർകക്ഷികൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രിബ്യൂണലിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2002ൽ ആരംഭിച്ച റിസോർട്ട് 2003 മുതൽ നഗരസഭയ്ക്ക് നികുതി അടയ്ക്കുന്നുണ്ട്. നഗരസഭ രാഷ്ട്രീയ വിരോധം തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ഒരു വിധത്തിലും കഴിയില്ല എന്ന അറിവോടെയാണ് നഗരസഭാ അധികൃതർ തണ്ടപ്പേർ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ആവശ്യപ്പെടാത്ത രേഖകൾ ഇപ്പോൾ ഹാജരാക്കാൻ കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം കിട്ടാ രേഖകൾ ആവശ്യപ്പെടുന്നത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ രാഷ്ട്രീയ വിരോധം മൂലമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
എന്നാൽ വാട്ടർ വേൾഡ് ടൂറിസം കമ്പനി നിർമിച്ചിരിക്കുന്ന 32 കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശിച്ചിട്ടില്ലെന്നു നഗരസഭ കോടതിയെ അറിയിച്ചു. ഇതുകൊണ്ട് തന്നെ ഹർജി നിയമപരമായി നിലനിൽക്കുമോ എന്നതിനെ സംബന്ധിച്ച വാദം കോടതി അടുത്ത മാസം മൂന്നിന് എറണാകുളം ക്യാമ്പ് സിറ്റിംഗിൽ പരിഗണിക്കും.