ആലപ്പുഴ: കായൽ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ചതിനു പിന്നാലെ സിപിഐ ദേശീയ നേതൃത്വത്തിനെ തിരെയും ഗതാഗതമന്ത്രി തോമസ് ചാണ്ടി രംഗത്ത്. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹം രംഗത്തെത്തിയത്.
ഒന്നാമത്തെ അഴിമതിക്കാരൻ സുധാകർ റെഡ്ഡിയായിരിക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. പാവങ്ങളെ സഹായിക്കുന്നതിനായി പത്ത് വർഷം കൊണ്ട് 12 കോടി രൂപ ചെലവഴിച്ചു. ജനജാഗ്രതാ യാത്രയിലെ പ്രസംഗം കുഴപ്പത്തിലാക്കിയിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നും ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും സുധാകർ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫ് സർക്കാരിൽ അഴിമതിക്ക് സ്ഥാനമില്ല.
ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യുമന്ത്രി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞു. ഇതിനു പിന്നാലെയാണ് തോമസ് ചാണ്ടി സിപിഐ ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.