കോഴിക്കോട്: വികസനത്തിന് രാഷ്ട്രീയം നോക്കുന്ന സമീപനം ഇടതുമുന്നണിസര്ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . കോഴിക്കോട് തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഗതാഗത സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ഇരു മേല്‍പ്പാലങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പ്രൗഢഗംഭീരമായ ചടങ്ങില്‍ േമല്പ്പാലത്തിനു മുകളിലൂടെ തുറന്ന ജീപ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാത്രചെയ്തു. മന്ത്രിമാരായ ജി.സുധാകരന് , എ.കെ.ശശീന്ദ്രന് , ടി.പി.രാമകൃഷ്ണന് , മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് , എംഎഎമാരായ എ. പ്രദീപ്കുമാര്‍ , പുരുഷന് കടലുണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യം തൊണ്ടയാട് മേല്‍പ്പാലവും തുടര്‍ന്ന് രാമനാട്ടുകര മേല്‍പാലവുമാണ് തുറന്നുകൊടുത്തത്. രണ്ട് വര്‍ഷവും 10 മാസവും കൊണ്ടാണ് ഇരു മേല്‍പ്പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കിയത്. ആറുവരി ദേശീയ പാതയിലെ പകുതി ഭാഗം ഇപ്പോള്‍ മേല്‍പ്പാലവും അനുബന്ധ സര്‍വീസ് റോഡുകളുമായി ഗതാഗത സജ്ജമായിരിക്കുകയാണ്.
ദേശീയ പാത അതോറിറ്റി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മാണ പ്രക്രിയ ആരംഭിക്കുന്നതോടു കൂടി ആറുവരിപാത സജ്ജമാകും. തൊണ്ടയാട് ജംഗ്ഷനില്‍ ഇതേ രീതിയിലുള്ള മറ്റൊരു മേല്‍പ്പാലം കൂടി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
46 കോടി രൂപ ചെലവഴിച്ചാണ് തൊണ്ടയാട് മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കോഴിക്കോട് ദേശീയപാത 66 ബൈപാസില്‍ മാവൂര്‍ റോഡുമായി സംഗമിക്കുന്ന സ്ഥലത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദിനംപ്രതി 45000 ത്തോളം വാഹനങ്ങള്‍ ദേശീയപാത 66 ബൈപ്പാസ്സിലൂടെ കടന്നുപോവുന്നു.
സമീപമുള്ള മെഡിക്കല്‍ കോളേജ്, വ്യവസായ – വാണിജ്യ സ്ഥാപനങ്ങള്‍ , ഓഫീസ് സമുച്ഛയങ്ങള്‍ , കോഴിക്കോട് സിറ്റി എന്നിവ മൂലം തിരക്കേറിയ ഈ ജംഗ്ഷനില്‍ സുഗമമായ വാഹന ഗതാഗതത്തിന് മേല്‍പാലം സഹായകമാവും.2016 മാര്‍ച്ച് 4 നാണ് പ്രവര്‍ത്തി ആരംഭിച്ചത്. കോഴിക്കോട് ബൈപാസിലെ പ്രധാന കവലകളില്‍ ഒന്നായ രാമനാട്ടുകര ജംഗ്ഷനിലെ ഫ്ളൈഓവര്‍ 63 കോടി ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കോഴിക്കോട് ദേശീയപാത 66 ബൈപ്പാസില്‍ ദേശീയപാത 966-മായി സംഗമിക്കുന്ന സ്ഥലത്താണ് രാമനാട്ടുകര മേല്‍പ്പാലം. തുടര്‍ച്ചയായി ആറ് സ്പാനുകള്‍ക്ക് ശേഷം മധ്യഭാഗത്തു മാത്രം എക്സ്പാന്ഷന് ഗ്യാപ് നല്കി ഇന്റഗ്രേറ്റഡ് രീതിയില്‍ ബെയറിംഗുകള്‍ ഒഴിവാക്കിക്കൊണ്ടാണ് മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോടു കൂടി ആറു വരി ദേശീയപാതയുടെ പകുതിഭാഗം മേല്‍പാലത്താല്‍ സൗകര്യപ്രദമാവും.