റാന്നി: റോഡുനിർമാണത്തിലെ അശാസ്ത്രീയത, പെരുനാട് – പെരുന്തേനരുവി റോഡിലെ യാത്ര ബുദ്ധിമുട്ടായി മാറുന്നു.തോണിക്കടവ് – കോളാമല റോഡിന്റെ കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി താഴ്ത്തിയപ്പോൾ പെരുനാട് – പെരുന്തേനരുവി റോഡുഭാഗം ഉയർത്തിയത് വാഹനയാത്രയ്ക്കും സമീപത്തെ വസ്തു ഉടമയ്ക്കുമാണ് ദുരിതമായി മാറിയത്.
കുത്തനെയുള്ള കോളാമല റോഡിന്റെ കയറ്റം കുറയ്ക്കാനായി താഴ്ത്തുകയും റോഡ് ചേരുന്ന പെരുനാട് – പെരുന്തേനരുവി റോഡിന്റെ തോണിക്കടവ് ഭാഗം മണ്ണിട്ടുയർത്തുകയുമായിരുന്നു. ഇതോടെ തോണിക്കടവ് റോഡിൽ വെള്ളം പുറത്തേക്ക് ഒലിച്ചു പോകാൻ മാർഗമില്ലാതെ കുളം പോലെ വെള്ളക്കെട്ട് രൂപപ്പെടുകയും മഴയിൽ സമീപത്തുള്ള മുണ്ടാട്ടുചൂണ്ടയിൽ പോൾസന്റെ വീട്ടു മുറ്റത്തേക്കും പുരയിടത്തിലേക്കും ശക്തിയായി ഒഴുകി വീഴുകയാണ്.
കഴിഞ്ഞ പ്രളയത്തിൽ പന്പാനദീ തീരത്തുള്ള പോൾസന്റെ വീടും പറന്പും പ്രളയം കവർന്നിരുന്നു. അതിജീവനത്തിനായി പാടുപെടുന്ന സമയത്താണ് മറ്റൊരു പ്രളയരൂപത്തിൽ റോഡിൽ നിന്നെത്തുന്ന മലവെള്ളം മുറ്റത്തും പുരയിടത്തിലും പ്രതിസന്ധിയുണ്ടാക്കുന്നത്.
പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ വിഷയംപെടുത്തിയിട്ടും നടപടിയുണ്ടായില്ല. റോഡ് ഭാഗം കുളം തോണ്ടിയ അവസ്ഥയിൽ കിടക്കുന്നത് വാഹനയാത്രയെയും ബാധിച്ചിരിക്കുകയാണ്. റോഡിലെ കുഴി നികത്തുകയും ഓട കോരി മലവെള്ളം സമീപത്തെ കൈത്തോട്ടിലേക്കു വഴി തിരിച്ചു വിടുകയും വേണം.
റോഡിലെ കുഴിയിൽ ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപെടുന്നതിനും സാധ്യതയേറെയാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.