കൊച്ചി: കൊല്ലം കരുനാഗപ്പള്ളിയിൽനിന്നു മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പോലീസെത്തി ആംബുലൻസ് കസ്റ്റഡിയിലെടുത്തു.
കരുനാഗപ്പള്ളി ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന “നൻമ’ എന്നു പേരുള്ള ആംബുലൻസ് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണു കാണാതായത്.
വൈകീട്ടോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്താണ് വാഹനം കണ്ടെത്തിയത്.
കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ രോഗിയെ കൊണ്ടുവന്നശേഷം മറ്റു ആംബുലൻസുകൾക്കൊപ്പം നിർത്തിയിട്ടിരിക്കുകയായിരുന്നു.
വാഹനത്തിൽത്തന്നെ താക്കോൽ വച്ച് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. തിരികെ വന്നപ്പോഴാണ് വാഹനം കാണാതായത്.
മറ്റു ഡ്രൈവർമാർ ഈ ആംബുലൻസ് ഓട്ടം പോയതാണെന്നാണ് കരുതിയത്. പിന്നീടാണ് മോഷണമാണെന്ന് തിരിച്ചറിഞ്ഞത്.
ആംബുലൻസ് ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പുകളിലൂടെ മോഷണവിവരം പ്രചരിപ്പിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഒരാളാണ് ആംബുലൻസ് കൊച്ചിയിൽ കണ്ട വിവരം വിളിച്ചറിയിച്ചത്.