രാജാക്കാട്: മുന്നാറിനോടു ചേർന്നുകിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം വിനോദസഞ്ചാരികൾക്ക് ഹരമാകുന്നു. ബ്രിട്ടീഷ് എൻജിനിയർമാരുടെ കരവിരുതിൽ തിർന്ന ഈ പാലം സഞ്ചാരികൾക്ക് ഇന്നും അന്യമാണ്. കണ്ണൻദേവൻ കന്പനിയുടെ പെരിയകനാൽ ന്യു ഡിവിഷനിലാണ് ഈ തൂക്കുപാലം സ്ഥിതിചെയുന്നത്.
ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യ കന്പനി തേയില കൃഷി ആരംഭിച്ചപ്പോൾ മതികെട്ടാൻചോല, സുര്യനെല്ലി, ബി എൽ റാം തുടങ്ങിയ മലനിരകളിൽനിന്നും മഴവെള്ളം ഒഴുകിയെത്തുന്ന തോടുകൾക്കു കുറുകെ 200 വർഷം മുന്പാണ് ഈ പാലം നിർമിച്ചത്. കണ്ണൻദേവൻ മലനിരകളിൽനിന്നും നുള്ളിയെടുത്ത കൊളുന്ത് പെരിയകനാൽ ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള എളുപ്പമാർഗമായിട്ടാണ് ബ്രിട്ടീഷ് എൻജിനിയർമാർ ഈ പാലം നിർമിച്ചത്.
കപ്പൽമാർഗം ഇന്ത്യയിലെത്തിച്ച ഉരുക്ക് വടത്തിലാണ് നൂറുമീറ്ററോളം നീളത്തിൽ തൂക്കുപാലം തീർത്തിരിക്കുന്നത്. കാട്ടാനശല്യം രൂക്ഷമായിരുന്ന കാലത്ത് തൊഴിലാളികൾക്ക് പെട്ടന്ന് ലയങ്ങളിലേക്ക് എത്തുന്നത്തിനുള്ള മാർഗംകൂടിയായിരുന്നു ഇത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകന്പനിയുടെ ഭരണം അവസാനിച്ചപ്പോൾ തേയിലത്തോട്ടങ്ങൾ കണ്ണൻദേവൻ കന്പനിയുടെ അധിനതയിലായി. 1963ൽ ആനയിറങ്കൽ അണകെട്ട് നിർമിച്ചതോടെ ഈ പാലം ജലശായത്തിനു കുറുകെയായ. തുടർന്ന് വാഹനങ്ങളിൽ കൊളുന്ത് ഫാക്ടറിയിൽ എത്തിക്കാൻ അരഭിച്ചതോടെ ഈ ചരിത്ര സ്മാരകം ഉപേക്ഷിച്ചു. നിലവിൽ തൊഴിലാളികൾ ലയങ്ങളിലേക്കു മടങ്ങുന്നതിനു മാത്രമാണ് ഈ തൂക്കുപാലം ഉപയോഗിക്കുന്നത്.
ആനയിറങ്കൽ ജലാശയം നിറഞ്ഞുകിടക്കുന്പോൾ പാലത്തിലുടെയുള്ള യാത്ര ഏറെ സാഹസികതയാണ് സമ്മാനിക്കുന്നത്. നിലവിൽ ഈ ചരിത്ര സ്മാരകം അപകടാവസ്ഥയിലാണ്. കന്പികൾ പലതും പൊട്ടിയ നിലയിലാണ്. ദേശിയപാതയിൽനിന്നും അരകിലോമിറ്റർ സഞ്ചരിച്ചാൽ ഈ ദൃശ്യാനുഭവം നുകർന്നു സാഹസിക യാത്ര നടത്താം.