കോടഞ്ചേരി: മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ നിർമിച്ച തൂക്കുപാലം അപകടത്തിൽ.
കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് ഭാഗത്തേക്ക് മഴക്കാലത്ത് കടക്കാൻ നാട്ടുകാർ നിർമിച്ചതാണ് ഈ കമ്പിപ്പാലം.
വലിയ പാറയ്ക്കു മുകളിൽ കോൺക്രീറ്റ് തൂണുകൾ ഉണ്ടാക്കി അതിൽ ഇരുവശത്തും ഇരുമ്പ് വടം വലിച്ചുകെട്ടി കമുകിൻപാളികൾ ഉറപ്പിച്ചാണ് തൂക്കു പാലം ഉണ്ടാക്കിയത്.
കാലപ്പഴക്കം കൊണ്ട് കമുകിൻപാളികൾ ദ്രവിച്ചുപോയി. വേനൽക്കാലമായതിനാൽ ഇപ്പോൾ പുഴയിലൂടെ മറുകരയ്ക്കു കടക്കാം.
നാട്ടുകാർക്ക് പാലത്തിന്റെ അപകടാവസ്ഥ അറിയാവുന്നതു കൊണ്ട് അവർ പുഴയിൽ ഇറങ്ങി കടന്നാണ് മറുകരയ്ക്കു പോകുന്നത്.
എന്നാൽ ധാരാളം സഞ്ചാരികൾ പുഴയിൽ കളിക്കാനും കാഴ്ചകൾ കാണാനും എത്തുന്ന സ്ഥലമാണിത്.
തൂക്കുപാലത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ ഇതിൽ കയറിയാൽ അപകടം ഉണ്ടാകാൻ സാധ്യത ഏറെ ആണ്.
പാലത്തിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കുകയും മഴക്കാലത്തിനു മുൻപായി പാലം ബലപ്പെടുത്തുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ തൂക്കു പാലം സുരക്ഷിതമാക്കാൻ ഇരു പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.