എടക്കര: മുണ്ടേരി ഉൾവനത്തിലെ ആദിവാസികൾക്ക് ചാലിയാർ പുഴ കടക്കാൻ റവന്യൂ വകുപ്പ് നിർമിച്ച തൂക്കുപാലം നിർമാണത്തിലെ അപാകതമൂലം ഉപയോഗ്യമല്ലാതായി.
ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഒരു ദിവസംപോലും തൂക്കുപാലത്തിലൂടെ ചാലിയാർ പുഴ കടക്കാൻ ആദിവാസികൾക്കായില്ല. പ്രളയത്തിൽ ഇരുട്ടുകുത്തിയിൽ ചാലിയാർ പുഴയ്ക്ക് കുറുകെ നിർമിച്ചിരുന്ന നടപ്പാലം തകർന്ന് പോയി.
ഇതോടെ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുന്പളപ്പാറ എന്നീ നാല് കോളനികളിലെ ആദിവാസികൾ ദുരിതത്തിലായി. തുടർന്ന് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലായിരുന്നുഅവര് നാട്ടിലെത്തിയിരുന്നത്.
കോളനിയിലേക്കെത്തിയിരുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ചങ്ങാടമായിരുന്ന പുഴയ്ക്ക് കടക്കനുള്ള ഏക മാർഗം. ഇതേത്തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മേൽ കോളനികളിലേക്ക് എത്തുന്നതിന് താത്കാലിക തൂക്കുപാലം നിർമിച്ചു. ആറ് ലക്ഷം രൂപയോളം ഉദ്യോഗസ്ഥരിൽ നിന്നും പരിച്ചെടുത്താണ് തൂക്കുപാലം നിർമിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ താൽപര്യപ്രകാരം കവളപ്പാറ സ്വദേശിയായ യുവാവാണ് പാലം നിർമിച്ചത്. നിർമാണം നടക്കുന്പോൾത്തന്നെ പാലം ഒരു വശം ചരിഞ്ഞിരുന്നു. ആളുകൾ കയറുന്പോൾ തൂക്കുപാലം ആടി ഉലയുന്നതിനാൽ യാത്ര അസാധ്യമായിരുന്നു.
മപാലത്തിന്റെ അടിയിൽ വിരിച്ച മുളകൾ വെയിൽകൊണ്ട് ഉണങ്ങി മുറിഞ്ഞ് പോകുകയും ചെയ്തു. പാലത്തിലൂടെ നടക്കുന്നതിനിടെ മറിഞ്ഞ് വീണ് മൂന്ന് ആദിവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതോടെ ആദിവാസികൾ തൂക്കുപാലം ഒഴിവാക്കി. പാലത്തിനടിയില്‍ നെറ്റ് വിരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പാലത്തിനടിയിൽ വിരിക്കാൻ മുളകൾ വെട്ടി കീറി നൽകിയ ആദിവാസികൾക്ക് കൂലി പോലും നലകിയില്ലെന്ന് ആക്ഷേപമുണ്ട്.
ചാലിയാർ പുഴയിൽ ഇപ്പോള്‍ നീരൊഴുക്ക് കുറഞ്ഞതിനാൽ ആദിവാസികൾ പുഴമുറിച്ച് കിടക്കുകയാണ്. മഴക്കാലമാകുന്പോൾ എന്തു ചെയ്യുമെന്ന ആധിയിലാണ് ആദിവാസികള്‍.