കൊടകര: കൃഷിയിറക്കാൻ വെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ നിലമൊരുക്കി കാത്തിരിക്കുകയാണ് പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി തൂപ്പൻകാവ് പാടശേഖരത്തിലെ കർഷകർ. തൂപ്പൻകാവ് ചിറയിൽ വെള്ളമെത്താത്തതിനാൽ നൂറേക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷി അനിശ്ചിതമായി വൈകുകയാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ആണ്ടിൽ ഒരുവട്ടം മാത്രമാണ്് നെല്ലായി തൂപ്പൻകാവ് പാടശേഖരത്തിൽ കൃഷിയിറക്കുന്നത്. മഴക്കെടുതിയിൽ തുടർച്ചയായി കൃഷി നശിച്ചുപോയതുകൊണ്ടാണ് ഇവർ വിരിപ്പുകൃഷി ഉപേക്ഷിച്ചത്. പിന്നീട് മുണ്ടകൻ കൃഷി മാത്രമായി. തൂപ്പൻകാവ് ചിറയിൽ സംഭരിച്ചുനിർത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് മുണ്ടകൻ വിളയിറക്കുന്നത്.
ചിറയിൽ തടഞ്ഞുനിർത്തുന്ന വെള്ളം ഇരുവശത്തുമുള്ള ചാലുകൾ വഴിയാണ് പാടത്തേക്കെത്തുന്നത്. ചിറയിൽ ജലനിരപ്പു താഴ്ന്നാൽ ചാലുകളിലേക്ക് വെള്ളം ഒഴുകാതെ വരും. വേനൽരൂക്ഷമായി തുടങ്ങിയതോടെ തൂപ്പൻകാവ് ചിറയിൽ ജലനിരപ്പു താഴ്ന്നതാണ് നെല്ലായി തൂപ്പൻകാവ് പാടശേഖരസമിതിക്കു കീഴിലെ കൃഷിനിലങ്ങളിലേക്ക് വെള്ളം എത്താതായത്. ചാലക്കുടി വലതുകര കനാൽ വഴി ചിറയിലേക്ക് വെള്ളമെത്തിച്ചാലേ ഇവിടെ കൃഷി സാധ്യമാകൂ എന്ന് പാടശേഖര സമിതി സെക്രട്ടറി സുനിൽ വടക്കേടൻ പറയുന്നു.
സമയത്തിന് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. എന്നാൽ ഇതുവരേയും ചിറ നിറക്കാൻ ഇറിഗേഷൻ അധികൃതർ തയ്യാറാകാത്തതാണ് കർഷകരെ വലയ്ക്കുന്നത്.
സാധാരണയായി നവംബർ അവസാനത്തോടെ ഈ പാടശേഖരത്തിൽ മുണ്ടകൻ കൃഷിയിറക്കാറുള്ളതാണ്. കഴിഞ്ഞ വർഷവും ഇങ്ങനെ നിലമൊരുക്കി കാത്തിരുന്നെങ്കിലും വെള്ളം കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കേണ്ടി വന്നു. ഇത്തവണ ജനുവരിയായിട്ടും കൃഷിയിറക്കാൻ മതിയായ വെള്ളം ലഭ്യമാക്കാത്തതിൽ കർഷകർക്ക് പ്രതിഷേധമുണ്ട്.