എഴുന്നള്ളിക്കാനായി കൊമ്പനെ കിട്ടിയില്ലെങ്കില്‍ പിടിയാനയെ ഫൈബര്‍ കൊമ്പ് ഫിറ്റ് ചെയ്ത് കൊമ്പനാനയാക്കുന്ന ആളുകളെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത് കഴിഞ്ഞദിവസം തൂതപ്പൂരത്തിനിടെയുണ്ടായ സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ്. ലക്കിടി ഇന്ദിരയെന്ന പിടിയാനയെ കൊമ്പനാനയാക്കി എഴുന്നള്ളിച്ചിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ ഒരു കൂട്ടര്‍. പിടിയാനയ്ക്ക് ഫൈബര്‍ കൊമ്പ് ഘടിപ്പിച്ച് കൊമ്പനാക്കിയ ഈ ‘ആനമാറാട്ടം’ പക്ഷെ, അധികം വൈകാതെ തന്നെ പൊളിഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ലക്കിടി ഇന്ദിരയെന്ന ആനയെ കൊല്ലങ്കോട് കേശവനാക്കി തൂതപ്പൂരത്തിന് എഴുന്നള്ളിച്ചത്. എഴുന്നള്ളിപ്പൊക്കെ ഗംഭീരമായി നടന്നെങ്കിലും ആനയുടെ മട്ടും ഭാവവും കണ്ട ആനപ്രേമികള്‍ക്ക് സംശയമുണര്‍ന്നു. പിന്നെ വിശദമായി ഒന്നുപരിശോധിച്ചതോടെ സംഗതി പണിപാളി. കള്ളത്തരം പുറത്താവുകയും ചെയ്തു.
പൊതുവെ, തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല. ആനകളുടെ എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ കേശവനാക്കാന്‍ ഒരു പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന. പട്ടാഭിഷേകം സിനിമയില്‍ ഈ ‘ആന മേയ്ക്കപ്പ്’ കണ്ട് പൊട്ടിച്ചിരിച്ചിട്ട് ഉണ്ടെങ്കിലും തൂതപ്പൂരത്തിന് ഈ കോമാളിത്തരമൊന്നും വേണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. പ്രശ്‌നം ഗുരുതരമായതോടെ ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.