തൂവാനത്തുമ്പികൾ പാതി വഴിയിൽ നിലച്ചു പോകേണ്ടിയിരുന്ന സിനിമയായിരുന്നു എന്നും അന്ന് സഹായവുമായി എത്തിയത് മോഹൻലാൽ ആണെന്നും വെളിപ്പെടുത്തൽ.
തൂവാനത്തുന്പികൾ എന്ന ചിത്രം തിയറ്ററുകളിൽ എത്തി മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ തൂവാനത്തുമ്പികളുടെ ഈ പിന്നാമ്പുറ കഥ പറഞ്ഞത് പത്മരാജന്റെ ഭാര്യയായ രാധാലക്ഷ്മിയാണ്.
പാതിവഴിയിൽ നിലച്ചു പോകേണ്ടിയിരുന്ന സിനിമയായിരുന്നു തൂവാനത്തുമ്പികൾ എന്നാണ് രാധാലക്ഷ്മി പറയുന്നത്.
കാലഘട്ടത്തെ അതിജീവിക്കുന്ന ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു പത്മരാജൻ. ആരാധകലോകം മറക്കാതെ നെഞ്ചോട് അടുപ്പിച്ച ഒരു പത്മരാജൻ ചിത്രമാണ് തൂവാനത്തുമ്പികൾ.
വർഷങ്ങൾക്കിപ്പുറവും മണ്ണാറത്തൊടിയില് ജയകൃഷ്ണന്റെ മുന്നിലേക്ക് മഴയോടൊപ്പം കടന്നുവന്ന ക്ലാരയും ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനസിലുണ്ട്. ഉദകപ്പോള എന്ന പത്മരാജന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു തൂവാനത്തുമ്പികൾ.
തൂവാനത്തുമ്പികളുടെ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമാതാവിന് ഹൃദയസ്തംഭനം സംഭവിച്ചു. അത്തരമൊരു സാഹചര്യത്തിൽ സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നിരുന്നു.
ആ അവസ്ഥയിൽ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ഷൂട്ടിംഗ് തുടരാൻ സഹായിച്ചത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഗാന്ധിമതി ബാലൻ നിർമാണം ഏറ്റെടുത്താണ് തൂവാനത്തുമ്പികൾ പൂർത്തിയാക്കിയത് എന്നാണ് രാധാലക്ഷ്മി പറയുന്നത്.
ഞാൻ സാധാരണ പത്മരാജന്റെ ഷൂട്ടിംഗ് സെറ്റുകളിൽ പോകാറില്ല എന്നാൽ തൂവാനത്തുമ്പികളുടെ ചിത്രീകരണം നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴി മക്കളും ഞാനും സെറ്റിലേക്ക് പോയിരുന്നു.
അന്ന് മോഹൻലാലും അശോകനും കൂടിയുള്ള ഒരു സീൻ കേരളവർമ കോളജിൽ ചിത്രീകരിക്കുകയായിരുന്നു.
അന്ന് ആ ചിത്രീകരണം കാണാൻ മോഹൻലാലിന്റെ അമ്മ ശാന്ത ച്ചേച്ചിയും അമ്മാവൻ രാധാകൃഷ്ണൻ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടത് എന്നും രാധാലക്ഷമി പറയുന്നു. -പി.ജി