കായംകുളം: മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്ന തോപ്പിൽ ഭാസിയുടെ ദീപ്തമായ ഓർമകൾ പങ്കുവെച്ച് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ വള്ളികുന്നത്തെ തോപ്പിൽ വീട്ടിലെത്തി തോപ്പിൽ ഭാസിയുടെ സഹധർമിണി അമ്മിണിയമ്മയെ സന്ദർശിച്ചു. തോപ്പിൽ ഭാസിയെയും തോപ്പിൽ ഭാസിയുടെ നാടകങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വി.എം.സുധീരൻ കഴിഞ്ഞ ദിവസമാണ് തോപ്പിൽ വീട്ടിലെത്തിയത്.
സിനിമ സംവിധയകനായിരുന്ന മകൻ അജയൻ മരിച്ചതിന്റെ ദുഃഖത്തിൽ കഴിയുന്ന അമ്മിണിയമ്മയെ വി.എം. സുധീരൻ ആശ്വസിപ്പിച്ചു. സുധീരൻ ആരോഗ്യ മന്ത്രിയായിരിക്കെ തോപ്പിൽ ഭാസി സ്മാരകമായി വള്ളികുന്നം സർക്കാർ ആശുപത്രിയെ പ്രഖ്യാപിച്ചതും അത് വി.എം. സുധീരൻ നേരിട്ടെത്തി പ്രഖ്യാപനം നടത്തിയതുമായ ഓർമകൾ അമ്മിണിയമ്മ പങ്കുവെച്ചു.
കറ്റാനം ടി.ബിയിൽ തോപ്പിൽ ഭാസി എഴുത്തിന്റെ ലോകത്ത് വ്യാപൃതനായി കഴിഞ്ഞ കാലത്ത് തോപ്പിൽ ഭാസിയെ കാണാൻ എത്തിയിരുന്ന ഓർമകൾ വി.എം. സുധീരനും പങ്ക് വെച്ചു. തോപ്പിൽ ഭാസിയുമായി അന്നുതുടങ്ങിയ ആത്മബന്ധം മരണംവരെ തുടർന്നിരുന്നെന്നും ആ ബന്ധത്തിന്റെ തുടർച്ചയാണ് താൻ ഇപ്പോൾ അമ്മിണിയമ്മയെ കാണാൻ എത്തിയതെന്നും വി.എം. സുധീരൻ പറഞ്ഞു.
മകൻ അജയന് സിനിമാ മേഖലയിൽ പെരുന്തച്ചനു ശേഷം തുടർന്ന് മുന്നോട്ടു പോകാൻ എന്തൊക്കയോ തടസങ്ങൾ ഉണ്ടായതായി മനസിലാക്കിയിരുന്നെന്നും സുധീരൻ പറഞ്ഞു. അച്ഛന്റെ നാടകത്തിൽ നായികയായി അരങ്ങിലെത്തിയതിനെ കുറിച്ച് ഭാസിയുടെ മകൾ മാലയും ഓർമകൾ പങ്കുവെച്ചു.
തോപ്പിൽ ഭാസിയുടെ നാടകം കാണാൻ ജവഹർലാൽ നെഹ്റു ഡൽഹിയിലെ നാടക വേദിയിലെത്തി സദസിൽ പിൻനിരക്കാരനായി ഇരുന്ന് നാടകം ആസ്വദിച്ച അപൂർവ നിമിഷവും വി.എം. സുധീരൻ അമ്മിണിയമ്മയുടെ ഓർമകൾക്കൊപ്പം പങ്കുവെച്ചു. യൂത്ത് കോണ്ഗ്രസ് നേതാവ് സി.ആർ. മഹേഷ്, മഠത്തിൽ ഷുക്കൂർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.