കുണ്ടറ: അന്തരിച്ച മുൻ എംഎൽഎ തോപ്പിൽ രവിയുടെ പേരുള്ള ശിലാഫലകം കറുത്ത പെയിന്റടിച്ച് മായിച്ച് നോട്ടീസ് ബോർഡാക്കിയെന്ന് പരാതി. ദീർഘനാളായി കൃഷി ഭവനായി പ്രവർത്തിച്ചുവന്ന കിഴക്കേ കല്ലട ചിറ്റുമല കൃഷി ഭവനിലാണ് ശിലാഫലകത്തിൽ പെയിന്റടി നടന്നത്.
തോപ്പിൽ രവി കുണ്ടറ എംഎൽഎ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചതായിരുന്നു ചിറ്റുമല കമ്യുണിറ്റി ഹാളിന് പിന്നിലുള്ള കൃഷി ഭവൻ കെട്ടിടം.
ഈ കെട്ടിടത്തിൽ നിന്നും കൃഷി ഭവൻ തൊട്ടടുത്തുള്ള കമ്യുണിറ്റി ഹാളിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഓഫീസിൽ ഒരിക്കൽ പാന്പു കയറിയെന്നും പാന്പിനെക്കണ്ട് ജീവനക്കാരിലാരോ ഭയന്നെന്നും ആരോപിച്ചായിരുന്നു ഓഫീസ് മാറ്റം സംഭവിച്ചതെന്ന് പറയപ്പെടുന്നു.
പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ പ്രവർത്തിച്ചിരുന്ന കൃഷി ഭവൻ അറ്റകുറ്റപണി പൂർത്തിയാക്കിയ പഴയ കെട്ടിടത്തിലേക്ക് കഴിഞ്ഞയാഴ്ചയാണ് മാറ്റിയത്. ഇതിന്റെ ഭാഗമായാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് കമ്മിറ്റി തോപ്പിൽ രവി എംഎൽഎയുടെപേര് ആലേഖനം ചെയ്തിരുന്ന ശിലാഫലകത്തിൽ കറുത്ത പെയിന്റടിച്ച് നോട്ടീസ് ബോർഡാക്കിയത്.
ഭരണസമിതിയുടെ തെറ്റായ നടപടിയിൽ കിഴക്കേ കല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രകാശ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശിലാഫലകം എത്രയും വേഗം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു. കല്ലട രമേശ്, കല്ലട വിജയൻ, കെ.നകുലരാജൻ, വി. എസ്. ശ്രീനാഥ്, എൽ.സുനിൽ എന്നിവർ പ്രസംഗിച്ചു.