കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ അസം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അസം സ്വദേശിയായ അഭിജിത്തിനെ തോപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യലിനു ശേഷമെ കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമാകൂ. ഇയാളുടെ മറ്റ് രണ്ടു സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്.
തോപ്പുംപടി നേതാജി ലോഡ്ജിലെ ഒമ്പതാം നമ്പര്‍ മുറിയിലാണ് കബ്യ ജ്യോതി കക്കാടിനെ (26) ചൊവ്വാഴ്ച രാത്രി ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കബ്യയും മറ്റു മൂന്നു പേരും ഒരുമിച്ചെത്തി മുറിയെടുത്തത്. കബ്യയും അഭിജിത്തും ഒരു മുറിയിലായിരുന്നു. മറ്റു രണ്ടുപേര്‍ തൊട്ടടുത്ത മുറിയിലുമായിരുന്നു താമസിച്ചത്.
മുറി ഒഴിയേണ്ട സമയം ആയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് ലോഡ്ജ് ഉടമയും ജീവനക്കാരും മുറി തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് കബ്യയെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തോപ്പുംപടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഈ സമയം മറ്റു മൂന്നു പേരും അവിടെ നിന്ന് പോയിരുന്നു.
കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ വ്യക്തമായിരുന്നു. മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് കൊലപാതകമെന്ന വിവരമാണ് നല്‍കുന്നത്. ശ്വാസം മുട്ടിച്ചാണ് കബ്യയെ കൊലപ്പെടുത്തിയിരിക്കുന്നത്.അടുത്ത മുറിയില്‍ താമസിച്ചിരുന്നവരെ പോലീസ് ആദ്യം കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു.
തുടര്‍ന്ന് അഭിജിത്തിനായി ഇന്നലെ രാവിലെ മുതല്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ മരക്കടവ് ജെട്ടിക്കു സമീപത്തെത്തി അവിടെയുള്ളവര്‍ക്കൊപ്പം പകല്‍ മുഴുവന്‍ ചെലവിട്ടു. തുടര്‍ന്ന് ഇന്നലെ രാത്രി അസമിലേക്കുള്ള ട്രെയിനില്‍ നാട്ടിലേക്കു കടക്കാനായിരുന്നു പ്ലാന്‍.
പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ തോപ്പുംപടി പോലീസ് ഇന്നലെ രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാള്‍ കസ്റ്റഡിയിലെടുത്തു.തോപ്പുംപടിയിലെ മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരാണ് നാലുപേരും. ഇവര്‍ ഇടയ്ക്കിടെ ഈ ലോഡ്ജില്‍ താമസിക്കാറുണ്ട്. കബ്യയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സ്വന്തം ലേഖിക