പള്ളുരുത്തി: ഫോര്‍മാലിൻ കലര്‍ന്ന മീൻ പിടികൂടിയതിനെത്തുടർന്ന് പുറംനാട്ടിൽ നിന്നെത്തുന്ന മീനിന്റെ വില കുത്തനെ ഇടിഞ്ഞു. പശ്ചിമകൊച്ചിയിലെ പ്രധാന മത്സ്യമാർക്കറ്റുകളിൽ രണ്ടു ദിവസംമുന്പു വരെ കിലോയ്ക്ക് 240 രൂപയുണ്ടായിരുന്ന ചാളയുടെ വില ബുധനാഴ്ച 140ലേക്ക് താഴ്ന്നു.
അയല 300 ൽനിന്ന് 160 ആയും കിളിമീൻ 300 ൽനിന്ന് 200 രൂപയായും കുറഞ്ഞിട്ടുണ്ട്. പുറംനാട്ടിൻ നിന്നെത്തുള്ള നെയ്മീൻ, ചൂര, കിളിമീൻ എന്നിവയ്ക്കും കിലോയ്ക്ക് നൂറ് രൂപയോളം കുറഞ്ഞിട്ടുണ്ട്. മാർക്കറ്റുകളിൽ അയല, ചാള എന്നിവ തരം തിരിച്ചാണ് വില്പന. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന് വില കുറയ്ക്കാതെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങൾ കുറഞ്ഞ വിലയിലുമാണ് വില്പന നടത്തുന്നത്.
അതേസമയം മാർക്കറ്റുകളിൽ ലഭിക്കുന്ന കായൽ മത്സ്യങ്ങൾക്ക് തീവിലയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിന് ആവശ്യക്കാർ കുറഞ്ഞതോടെ പുഴമത്സ്യങ്ങള്‍ക്കും ഡിമാൻഡ് വര്‍ധിച്ചെങ്കിലും ഇവയ്ക്കും ക്ഷാമമുണ്ട്.
കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന തെള്ളി ചെമ്മീന്‍ തോപ്പുംപടി മാർക്കറ്റിൽ 160 രൂപയും 140 രൂപയുണ്ടായിരുന്ന ചൂടൻ ചെമ്മീന്‍ 240 രൂപയുമുണ്ട്.
നാരൻ ചെമ്മീൻ 240 ൽ നിന്ന് കൂടി 340 നാണ് കച്ചവടം നടക്കുന്നത്. പ്രദേശത്തെ പുഴകളിൽ നിന്നും ചാലുകളിൽ നിന്നും പിടിക്കുന്ന കരിമീൻ 400 രൂപയിൽ നിന്ന് 700 ലെത്തി. ചെല്ലാനം , ചെറിയകടവ് എന്നിവിടങ്ങളിൽ ചെറുവള്ളങ്ങളിൽ കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നവർക്ക് ചാള, അയല, കൊഴുവ എന്നിവ ധാരാളമായി ലഭിക്കുന്നുണ്ടെങ്കിലും ഇടനിലക്കാർ ചെറിയ വിലയ്ക്ക് ഇവരിൽ നിന്ന് വാങ്ങി കൂടുതൽ വിലയ്ക്കാണ് മാർക്കറ്റുകളിൽ വിൽക്കുന്നത്.