ചെന്നൈ: പുതുമുഖ നായികയെ നടിയുടെ വീട്ടുകാർ തടങ്കിലിലാക്കിയെന്ന് ആരോപിച്ച് നായകൻ കോടതിയിൽ.തമിഴിലെ പുതുമുഖനടി സത്യകല(26)യെ അച്ഛൻ രത്നം വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചാണ് നടനും നിർമാതാവുമായ ഷമൻ മിത്രു മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നടിക്ക് താത്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുകയും പൊള്ളാച്ചിയിലുള്ള വീട്ടിൽ അടച്ചിട്ടിരിക്കുകയുമാണെന്നാണ് ഹേബിയസ് കോർപ്പസ് ഹർജിയിൽ ആരോപിക്കുന്നത്. അടുത്ത മാസം രണ്ടിന് പുറത്തിറങ്ങുന്ന ’തൊരട്ടി’ എന്ന തമിഴ് ചലച്ചിത്രത്തിലെ നായികയാണ് സത്യകല. ഇതിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന ഷമൻ മിത്രു ചലച്ചിത്രത്തിന്റെ നിർമാതാവുകൂടിയാണ്.
ചിത്രീകരണസമയത്ത് കുടുംബപ്രശ്നങ്ങൾ സഹപ്രവർത്തകരുമായി പങ്കുവച്ച സത്യകല അച്ഛനും രണ്ടാനമ്മയും മാനസികമായി പീഡിപ്പിക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നതായി ഷമൻ മിത്രു പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നതിന് ആദ്യം സമ്മതംനൽകിയ കുടുംബം പിന്നീട് വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും പറഞ്ഞിരുന്നു.
സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ പങ്കെടുക്കാതെവന്നതോടെ അന്വേഷിച്ചപ്പോഴാണ് വീട്ടുതടങ്കലിലാണെന്ന് വ്യക്തമായതെന്നും ഹർജിയിൽ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ വീ്ട്ടിൽ അന്വേഷിച്ച് എത്തിയെങ്കിലും സത്യകല ഇവിടെയില്ലെന്ന് പറഞ്ഞ് വീട്ടുകാർ മടക്കി അയച്ചു.
പൊള്ളാച്ചി മഹാലിംഗപുരം പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെവന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നും ഷമൻ മിത്രു കോടതിയെ അറിയിച്ചു. അച്ഛന്റെ സംരക്ഷണയിലുള്ള കുട്ടി എങ്ങനെയാണ് വീട്ടുതടങ്കലിലാണെന്ന് പറയാൻ സാധിക്കുന്നതെന്ന് കോടതി ചോദിച്ചു.
നടിയുടെ കാര്യത്തിൽ എങ്ങനെയാണ് ഷമന്‍ ഹർജി നൽകാൻ സാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.കേസിൽ പൊള്ളാച്ചി മഹാലിംഗപുരം പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി ഹർജി ഓഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു.