മലപ്പുറം: ശാസ്ത്രീയമല്ലാത്ത കൃഷിരീതികൾ കാർഷിക രംഗത്തേക്കുള്ള പുതിയ കടന്നു വരവിനെ ഇല്ലാതാക്കുമെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ.
തിരൂർ വെറ്റിലയ്ക്കു ലഭിച്ച ഭൗമ സൂചിക പദവിയുടെ വിളംബര ശിൽപ്പശാല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂർ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാതല കർഷക അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. സി. മമ്മൂട്ടി എംഎൽഎ അധ്യക്ഷനായിരുന്നു.
രാജ്യാന്തര പ്രശസ്തിയാർജിച്ചതും വീട്ടു വൈദ്യത്തിലും ആയൂർവേദ ചികിത്സാ വിധികളിലും വരെ പേരു കേട്ടതുമായ തിരൂർ വെറ്റിലക്ക് ഇതോടെ പ്രശസ്തിയും വിലയും വർധിക്കുമെന്നു മന്ത്രി പറഞ്ഞു. വെറ്റില മുറുക്കാത്തവർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം സംസ്കരിച്ച ഉത്പന്നങ്ങൾ നിർമിക്കാനാണ് ശ്രമിക്കേണ്ടത്.
ഇതിനായി കാർഷിക സർവകലാശാലയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എടയൂർ മുളക്് ഉൾപ്പെടെ സംസ്ഥാനത്ത് പ്രത്യേകം പരിഗണന അർഹിക്കുന്ന ഉത്പന്നങ്ങളുടെ ഭൗമ സൂചിക പദവിക്കായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൗമ സൂചികപദവിയുടെ പത്ര കൈമാറ്റം മന്ത്രി തിരൂർ വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ബാവ മൂപ്പനും സെക്രട്ടറി മേലേതിൽ ബീരാൻ കുട്ടിക്കും നൽകി നിർവഹിച്ചു. തിരൂർ വെറ്റിലയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്ന തിരൂർ വെറ്റില തിരൂർ താലൂക്കിലെ 270 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയുടെയും ശ്രമഫലമായാണ് തിരൂർ വെറ്റിലയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്. സി. മമ്മൂട്ടി എം.എൽ.എ അധ്യക്ഷനായിരുന്നു. വി.അബ്ദുറഹിമാൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ബാവ, പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല തുടങ്ങി വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.