ചങ്ങനാശേരി: തോട്ടയ്ക്കാട് ആശുപത്രിക്കവല കിഴക്കേൽ വിനോദിന്റെ വീട്ടിൽ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മൂന്നര പവൻ സ്വർണ്ണവും 50,000രൂപയും മോഷ്ടിച്ച കേസിൽ അറസ്റ്റിലായത് വീടിന്റെ കാവൽ ഏല്പിക്കപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി. വിനോദിന്റെ കോഴിക്കടയിലെ കോഴിവെട്ടുകാരൻ ആസാമിലെ ദമാജി ജില്ല സ്വദേശി ദിനേശ് പെഗു(20) ആണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, വാകത്താനം സിഐ മനോജ് കുമാർ, വാകത്താനം എസ്ഐ അഭിലാഷ് കുമാർ, ആന്റി ഗുണ്ടാ സ്ക്വാഡിലെ കെ.കെ.റെജി, അൻസാരി, അരുണ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷണം നടന്ന വീടിന്റെ ഗൃഹനാഥൻ വിനോദ് നടത്തി വരുന്ന കോഴിക്കടയിലെ കോഴിവെട്ടുകാരനായി രണ്ടുമാസം മുന്പാണ് ദിനേശ് പെഗു എത്തിയത്. ദിനേശിന്റെ പ്രവർത്തനങ്ങളിൽ വിനോദിന് സംശങ്ങളുണ്ടായിരുന്നില്ല. അതിനാൽ കാര്യങ്ങൾ വിശ്വസ്തതോടെ ഏൽപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വിനോദും കുടുംബവും ദിനേശ് പെഗുവിനെ വീട് ഏൽപിച്ചു രാവിലെ ആലപ്പുഴയിൽ ഒരു വിവാഹത്തിനായി പോയി.
രാത്രി മടങ്ങിയെത്തിയപ്പാഴാണ് വീട് കുത്തിത്തുറന്ന് കവർച്ച ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട് സൂക്ഷിക്കാൻ ഏൽപ്പിച്ച ദിനേശിനെ കാണാതെ വന്നപ്പോൾ വീട്ടുകാർ വാകത്താനം പോലീസിൽ പരാതി നൽകി. കേസ് എടുത്ത് അന്വേഷണം നടത്തിയ പോലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ വയനാട്ടിലെ പുൽപ്പള്ളിയിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദിനേശ് ബംഗ്ലാദേശിൽ വച്ച്പരിചയപ്പെട്ട നേപ്പാളികളായ രണ്ടുപേരുടെ സഹകരണത്തോടെയാണ് മോഷണം നടത്തിയത്. വിനോദും കുടുംബവും വീടുവിട്ടിറങ്ങിയ തക്കംനോക്കി കോട്ടയത്ത് മേസ്തരിപ്പണി ചെയ്തു വരികയായിരുന്ന ഇവരെ വിളിച്ചുവരുത്തിയാണ് മോഷണം നടത്തിയത്.
മോഷണത്തിനുശേഷം അവർ പണം വീതംവച്ച് റെയിൽവേ സ്റ്റേഷനിൽ എത്തി പിരിഞ്ഞു. ദിനേശിന്റെ കയ്യിൽ നിന്നും മൂന്നര പവനും ഏഴായിരം രൂപയും കണ്ടെടുത്തിട്ടുണ്ട്.