മംഗലംഡാം: മലമുകളിലെ തോട്ടം ഉടമയുടെ പീഢനങ്ങൾക്കിരയായി പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കൈകുഞ്ഞുങ്ങളുമായി 20 കിലോമീറ്റർ നടന്ന് മംഗലംഡാം പോലീസ് സ്റ്റേഷനിൽ അഭയം തേടി.
ജാർക്കണ്ടിൽ നിന്നുള്ള കുടുംബങ്ങളാണ് ഡാമിന്റെ മലയോരമായ കുഞ്ചിയാർപ്പതിയിലെ തോട്ടത്തിൽ ഏറേ ദുരിതജീവിതത്തിന് ഇരയായത്.
ആറ് മാസം പ്രായമുള്ള പിഞ്ചു കുട്ടി ഉൾപ്പെടെ നാല് കുട്ടികളും സ്ത്രീകളും യുവാക്കളുമായി 23 പേരാണ് ഉണ്ടായിരുന്നത്.
ജാർക്കണ്ടിലെ ഗോഡ ജില്ലയിൽപ്പെട്ട ജിൽവ ആദിവാസി മേഖലയിൽ നിന്നുള്ളവരാണ് ഇവർ.വ്യാഴാഴ്ച വൈകീട്ടോടെ മലയിറങ്ങി നടന്ന് തളർന്ന ഇവർ രാത്രിയിൽ ഡാമിലെ പള്ളിക്കു സമീപം കഴിച്ചു കൂട്ടി.
രാത്രിയിലും ഇന്നലെയും ഭക്ഷണമില്ലാതെ ഏറെ അവശനിലയിലാണ് കുട്ടികളും സ്ത്രീകളും സ്റ്റേഷനിലെത്തിയത്.ഭക്ഷണത്തിനു പോലും കൈവശം പണമില്ലെന്നറിഞ്ഞു് സ്ഥലത്തെത്തിയ പത്രപ്രവർത്തകരാണ് ഭക്ഷണം വാങ്ങി നൽകിയത്.
രണ്ട് മാസം മുന്പാണ് ഇവരെ ബസിൽ ജാർക്കണ്ടിൽ നിന്നും ഏജന്റുവഴി ഇവിടെ എത്തിച്ചതെന്ന് പറയുന്നു.
ഇവർ കേരളത്തിലെത്താനുള്ള യാത്രാ ചെലവും ഈ തൊഴിലാളികളിൽ നിന്നു തന്നെയാണ് ഈടാക്കുന്നത്. പുരുഷൻമാർക്ക് ദിവസം 400 രൂപയും സ്ത്രീകൾക്ക് 350 രൂപയും കൂലി പറഞ്ഞാണ് കൊണ്ടുവന്നത്.പരിമിതമായ സൗകര്യങ്ങളിൽ ഷെഡുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്.
നൂറിൽ പരം ഏക്കർ വരുന്ന തോട്ടത്തിൽ കുന്നും മലയും കയറിയിറങ്ങി കുരുമുളക് പറിക്കലായിരുന്നു പ്രധാന തൊഴിൽ. പുല്ല് വെട്ടൽ തുടങ്ങിയ പണികളും ചെയ്യിപ്പിച്ചിരുന്നതായി ഇവർ പറഞ്ഞു.
കൂലി ചോദിച്ചാൽ കാലാവുധി പറഞ്ഞ് ബുദ്ധിമുട്ടിച്ചതായും നാട്ടിലെ ആശ്രിതർക്കും കടബാധ്യതകൾ തീർക്കാനും വഴിയില്ലാതായപ്പോഴാണ് തൊഴിൽ വിട്ട് പോകാൻ തീരുമാനിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
പിടിച്ച് വെച്ച ആധാർ കാർഡ് തിരികെ ലഭിക്കുന്നതിനും കൂലി കുടിശ്ശിക കിട്ടാൻ കൂടിയായിരുന്നു ഈ പാവപ്പെട്ട കുടംബങ്ങൾ ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്.
എസ് ഐ നീൽ ഹെക്ടർ ഫെർണാണ്ടസ് ഇടപ്പെട്ട് തോട്ടം ഉടമയെ വിളിച്ചു വരുത്തി കൂലി കുടിശ്ശിക കൊടുക്കാനും പിടിച്ചു വെച്ച രേഖകൾ കൈമാറാനും ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനിൽ വിവരം നൽകാതെ അന്യസംസ്ഥാനത്തു നിന്നും ഇത്രയധികം ആളുകളെ കൊണ്ട് വന്ന് താമസിപ്പിച്ച് പണിയെടുപ്പിച്ചതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
മാവോയിസ്റ്റ് സാന്നിധ്യവും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം അനധികൃത പാർപ്പിക്കൽ ഗൗരവതരമാണെന്നാണ് വിലയിരുത്തൽ.
ജനമൈത്രി പോലീസിന്റെ സഹായത്തോടെ വീടുകൾ കയറിയിറങ്ങിയുള്ള കണക്കെടുപ്പുകൾ നടന്നുകൊണ്ടിരിക്കെ മലയോരങ്ങളിലും മറ്റു ഉൾപ്രദ്ദേശങ്ങളിലും അപരിചിതരായവരെ താമസിപ്പിക്കുന്നതും കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കുന്നത്.