അമ്പലപ്പുഴ: തോട്ടപ്പള്ളി പാലത്തില്‍ ടാങ്കറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഗതാഗതക്കുരുക്ക്. ടാങ്കറിന്റെ കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ ഫോഴ്സ് സംഘമെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചോടെ ആയിരുന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. കൊല്ലം ഭാഗത്തു നിന്നും വന്ന ടാങ്കറും എറണാകുളം ഭാഗത്തു നിന്നും എംസാൻഡ് കയറ്റിവന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന കൊല്ലം കുഴിക്കേലത്തു വീട്ടില്‍ നൗഷാദ് (65), കൊല്ലം സൗപര്‍ണികയില്‍ ശിവജി (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തിന്റെ മധ്യത്തില്‍ അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ക്രെയിനുപയോഗിച്ച് വാഹനങ്ങള്‍ മാറ്റാനുള്ള നടപടികള്‍ അമ്പലപ്പുഴ പോലീസ് നടത്തി വരുന്നു.