ആലപ്പുഴ: ദിവസങ്ങളായി മഴ തുടരുന്നതോടെ ജില്ലയിലേക്ക് കിഴക്കൻ വെള്ളമെത്തിത്തുടങ്ങി.കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും വേന്പനാട്ട് കായലിലെത്തിച്ചേരുന്ന നദികളിലൂടെ കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാൻ തുടങ്ങി.
പത്തനംതിട്ട ജില്ലയിലെ ഡാമിന്റെ ഷട്ടറുകൾ ജലനിരപ്പുയർന്നതിനെത്തുടർന്ന് ഉയർത്തിയതോടെ പന്പാനദിയിലെ ജലവിതാനം ഉയർന്നിട്ടുണ്ട്. മുട്ടാർ ഭാഗത്ത് ഇന്നലെ രാത്രിയോടെ ജലനിരപ്പ് കൂടിയിട്ടുണ്ട്. കുട്ടനാട്ടിലേക്കെത്തുന്ന കിഴക്കൻ വെള്ളത്തെ കടലിലേക്കൊഴുക്കുന്നതിന് തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ഇന്നലെ രാത്രി തന്നെ ജെസിബിയും മോട്ടോറുകൾ അടക്കമുള്ളവയുമായി ഇറിഗേഷൻ ഉദ്യോഗസ്ഥർ തോട്ടപ്പള്ളിയിൽ ക്യാന്പ് ചെയ്തിരുന്നു. സ്പിൽവേ തുറന്ന് പൊഴിമുറിച്ച് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യമൊരുക്കും. ഇന്നലെ വൈകുന്നേരം വരെ കാറ്റിലും മഴയിലും രണ്ടുവീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും ജില്ലയിൽ തകർന്നു.
ഉച്ചയ്ക്കുശേഷം താമരക്കുളത്ത് മരം വീണാണ് അയൽവാസികളുടെ വീടുകൾ തകർന്നത്. ചെങ്ങന്നൂർ തിരുവനൻവണ്ടൂരിൽ ദുരിതാശ്വാസ ക്യാന്പ് തുറക്കാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെത്തി രാവിലെ പരിശോധന നടത്തിയശേഷമാകും ക്യാന്പ് തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.