അന്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തുനിന്നും മണൽകടത്തുന്നതിനെതിരെ ജനകീയ സമരം ശക്തമാക്കാൻ തീരുമാനം. പൊതുമേഖല സ്ഥാപനമായ കെഎംഎംഎൽ ആണ് പൊഴിമുഖം തുറക്കാനുള്ള ജോലികൾ ചെയ്തുവരുന്നത്.
ഇതിനുള്ള ടെൻഡർ നടപടികൾ 25ന് പൂർത്തിയാക്കാനിരിക്കെയാണ് കെഎംഎംഎൽ പൊഴിമുഖം തുറക്കാനുള്ള ജോലികൾ ആരംഭിച്ചത്. ഇതിനുപിന്നിൽ കരിമണൽ കടത്താനുള്ള ശ്രമമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കാലവർഷം ശക്തമാകുന്നതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് നിയന്ത്രിക്കുന്നതിനായി സ്പിൽവേ പൊഴിമുഖം മുറിച്ച് കടലിലേക്ക് വെള്ളം ഒഴിക്കിവിടാറുണ്ട്. ഇതിനുള്ള കരാർ നൽകിയാണ് ജോലികൾ ചെയ്തിരുന്നത്. ഇത്തവണയും കരാർ ക്ഷണിച്ചിരുന്നു. ഈ മാസം 25 നാണ് കരാർ ഉറപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.
പൊഴിമുഖം തുറന്ന് തോട്ടപ്പള്ളി സ്പിൽവേ കനാലിന്റെ ആഴം കൂട്ടി മണൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കരാർ കെഎംഎംഎലിന് നൽകിയിട്ടുള്ളതാണെന്നാണ് ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുറക്കാടിന്റെ കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിലായത് പ്രതിഷേധത്തിനു കാരണമായി. തുടർന്നാണ് തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം തുറക്കാനുള്ള കരാർ ക്ഷണിച്ചത്.
എന്നാൽ കരാർ ഏറ്റെടുത്തിരുന്ന കെഎംഎംഎൽ അടിയന്തരമായി പൊഴിമുഖം തുറക്കാമെന്ന് ഏറ്റതിനാൽ പുതിയ ടെൻഡർ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇറിഗേഷൻ വകുപ്പ് അസി. എൻജിനിയർ ശ്രീകുമാർ പറഞ്ഞു. തീരത്തുനിന്നും 190 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും 2.5 മീറ്റർ ആഴത്തിലുമാണ് പൊഴിമുഖം തുറക്കുന്നത്.
എന്നാൽ, പൊഴിമുഖം തുറക്കാനുള്ള കരാർ കെഎംഎംഎലിനു നൽകിയിട്ടില്ലെന്നാണ് ജനകീയ പ്രതിരോധ സമിതി കണ്വിനറും പഞ്ചായത്ത് അംഗവുമായ പി. ആരോമൽ പറഞ്ഞത്. കനാൽ ആഴംകൂട്ടുന്നത് കരാർ ഏറ്റെടുത്തതിന്റെ മറവിൽ കാറ്റാടികൾ നീക്കം ചെയ്ത് കരിമണൽ കടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിനെ പ്രതിരോധ സമിതി തടയുമെന്നും ആരോമൽ പറഞ്ഞു.