അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്ത് പുലിമുട്ടിനുള്ളിൽ അടിഞ്ഞുകൂടിയ മണൽ മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയായി മാറുന്നു. അടിഞ്ഞുകൂടിയ മണൽ വള്ളങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നതാണ് പ്രശ്നം.
ഇന്നലെ മത്സ്യ ബന്ധനം കഴിഞ്ഞ് തുറമുഖത്തേക്കു കയറിയ വളളം പുലിമുട്ടിലെ മണൽത്തിട്ടയിലിടിച്ച് തോട്ടപ്പള്ളി സ്വദേശി ദേവരാജൻ മരണമടഞ്ഞിരുന്നു.
2011 ഫെബ്രുവരി 28 നാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രതീക്ഷയേകി തോട്ടപ്പള്ളി തുറമുഖം നാടിന് സമർപിച്ചത്. 200 ഓളം ബോട്ടുകൾക്കും 800 ഓളം വള്ളങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് തുറമുഖം പ്രവർത്തനമാരംഭിച്ചത്.
എന്നാൽ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ പുലിമുട്ടിനുള്ളിൽ മണലടിഞ്ഞുകയറി തുറമുഖത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. തുടർന്ന് പുലിമുട്ടിനുള്ളിലെ മണൽ നീക്കം ചെയ്യാനുള്ള ചുമതല പൊതുമേഖലാ സ്ഥാപനമായ ഐആർഇ ക്ക് കൈമാറി.
ഇതിനു ശേഷം ഇതിന്റെ മറവിൽ കരിമണൽ ഖനനം ആരംഭിച്ചതോടെ തുറമുഖത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. പിന്നീട് പുലിമുട്ടിനുള്ളിൽ വീണ്ടും വൻതോതിൽ മണലടിഞ്ഞതോടെ തുറമുഖം മൈതാനത്തിന് സമാനമായി.
സംസ്ഥാന സർക്കാർ തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് കോടികൾ അനുവദിച്ചുവെന്ന് പല തവണ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇതുവരെ ഇത് പ്രാവർത്തികമായിട്ടില്ല.
ഇപ്പോൾ പുലിമുട്ടിനുള്ളിൽ മണൽ വലിയ തോതിലടിഞ്ഞതോടെ തുറമുഖത്ത് വള്ളങ്ങൾ തള്ളിക്കയറ്റേണ്ട സ്ഥിതിയാണ്. ട്രോളിംഗ് നിരോധന കാലമായിട്ടും പരമ്പരാഗത വള്ളങ്ങൾക്ക് തുറമുഖം പ്രയോജനപ്പെടാത്ത അവസ്ഥയാണിപ്പോൾ.
കോടികൾ ചെലവഴിച്ചിട്ടും മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കാത്ത തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം കടലാസിൽ ഒതുങ്ങുകയാണ്.