ആലപ്പുഴ: മഹാപ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും തോട്ടപ്പള്ളി സ്പിൽവേ കനാലിൽ നീരൊഴുക്ക് ശക്തമാക്കാൻ തയ്യാറാക്കിയ പദ്ധതി ഇന്നും ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നു. മറ്റൊരു പ്രളയ ദുരന്തമുഖത്ത് എത്തിയിട്ടും പദ്ധതി നടപ്പാക്കുന്നതിന് സർക്കാരും ജലവിഭവ വകുപ്പും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ മേജർ ഇറിഗേഷൻ, ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗങ്ങൾ സംയുക്തമായി 30 കോടിയുടെ പദ്ധതിയാണ് ആദ്യം സർക്കാർ അനുമതിക്കായി സമർപ്പിച്ചത്. പണത്തിന്റെ കുറവുമൂലം പിന്നീട് 17.5 കോടിയുടെ പദ്ധതിയാക്കി ചുരുക്കി. എന്നിട്ടും ഭരണാനുമതിയും സാങ്കേതിക അനുമതിയും സർക്കാർ നൽകുന്നതിൽ കാലതാമസം വരുത്തി. ആദ്യപദ്ധതിയിലെ വീതി കൂട്ടൽ ഒഴിവാക്കിയുള്ള പദ്ധതിയാണ് പിന്നീട് സമർപ്പിച്ചത്.
പ്രധാനമായും പാലത്തിന്റെയും പൊഴിമുഖത്തിന്റെയും ഇടയിലുളള ഭാഗത്ത് പ്രളയകാലത്ത് കിഴക്കൻ വെള്ളത്തിൽ അടിഞ്ഞുകൂടിയ മണലുമാണ് നീരൊഴുക്ക് തടസപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ സ്പിൽവേ ചാനലിൽ പലേടത്തും മുട്ടറ്റം വെള്ളം മാത്രമേയുള്ളൂ. കാലവർഷത്തിനു മുന്പ് ആഴം കൂട്ടിയില്ലെങ്കിൽ വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർധിപ്പിക്കൽ, അഴിമുഖത്തിനും കടലിനും ഇടയിലുള്ള ജലാശയത്തിലെയും ദേശീയ ജലപാതയ്ക്കും സ്പിൽവേ പാലത്തിനും ഇടയിലുള്ള ചാലിന്റെയും ആഴം വർധിപ്പിക്കൽ, സ്പിൽവേ പാലത്തിലെ റഗുലേറ്റിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ എന്നിവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്.
ലീഡിംഗ് ചാനലിന്റെ ആഴവും വീതിയും വർധിപ്പിക്കാനുള്ള സാധ്യതാ പഠനവും നടത്താൻ തീരുമാനിച്ചിരുന്നു. എന്നാലിപ്പോൾ പഠനവും പദ്ധതിയുമില്ലാത്ത അവസ്ഥയിലാണ്. പ്രളയവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പ്രത്യേക നിയമ സമ്മേളനത്തിൽ തോട്ടപ്പള്ളി സ്പിൽവേയിൽ നീരോഴുക്ക് ശക്തമാക്കാൻ ചർച്ച വന്നിരുന്നു. എന്നാൽ മൂന്ന് മന്ത്രിമാരും പ്രതിപക്ഷ നേതാവും ഭരണ പരിഷ്കാര കമ്മിറ്റി ചെയർമാനുമുള്ള ജില്ലയിൽ പ്രധാനപ്പെട്ട പദ്ധതി നടപ്പാക്കാൻ കഴിയാത്തതിൽ വ്യപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മൂന്നാം പദ്ധതി
ഡിസംബറിൽ 4.5 കോടിയുടെ മറ്റൊരു പദ്ധതി നൽകി. പാലത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് 3.77 ലക്ഷം ടണ് മണൽ നീക്കം ചെയ്യുന്നതിനും പടിഞ്ഞാറ് ഭാഗത്തെ ജലാശയത്തിൽനിന്ന് 1.41 ടണ് മണൽ നീക്കം ചെയ്യുന്നതിനും 12 ഷട്ടറുകളുടെ അറ്റകുറ്റപണി നടത്തുന്നതിനായി നടപടി അന്തിമഘട്ടത്തിലാണ്.
പുത്തനാറ് പുതുക്കണം
ലീഡിംഗ് ചാനലിന്റെ (പുത്തനാറ്) ആഴവും വീതിയും വർധിപ്പിക്കുക എന്നതാണ് സ്ഥിരം പദ്ധതി. വീയപുരം, ചെറുതന, കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളിലൂടെ 11 കിലോമീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലുമാണ് പുത്തനാർ ഒഴുകുന്നത്. വീതി 100 മീറ്ററാക്കുക, ആഴക്കുറവുള്ള ഭാഗം പൂർണമായും ഡ്രഡ്ജ് ചെയ്യുക, പായിപ്പാട് മുതൽ കരുവാറ്റ കുറിച്ചിക്കൽ റെയിൽവേ പാലത്തിന് കിഴക്കുഭാഗം വരെയുള്ള കൊടുംവളവ് നേരെയാക്കി വീതിയും ആഴവും വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
ഷട്ടറുകൾ തുറന്നു
സ്പിൽവേയിലെ 40 ഷട്ടറുകളിൽ ഒന്ന് ഒഴികെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും നീരൊഴുക്ക് മുൻകാലത്തെ അത്രയും ലഭിക്കുന്നില്ല. ആഴക്കുറവ് മൂലം അടിയൊഴുക്ക് കുറവായതിനാലാണ് നീരൊഴുക്ക് കുറഞ്ഞത്. പാലത്തിന്റെ ഇരുവശവും മുട്ടറ്റം വെള്ളമാണ് പലയിടത്തും ഉള്ളത്. ജലാശയത്തിലെ ആഴം വർധിപ്പിക്കുന്നതിന് പകരം കാറ്റാടി മരം മുറിച്ച് മാറ്റിയാൽ വെള്ളമൊഴുക്ക് ശക്തമാകില്ല.