മണ്ണാർക്കാട്: പുഴകളിൽ തോട്ടപൊട്ടിച്ചുള്ള മീൻപിടുത്തം വ്യാപകമായി. മണ്ണാർക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളം മലിനപ്പെടുത്തുന്ന വിധത്തിലാണ് തോട്ടപൊട്ടിച്ച് മീൻപിടിക്കുന്നത്.
വേനൽ കനക്കുകയും കുടിവെള്ളക്ഷാമത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുഴകളിൽ ഇത്തരം മീൻപിടിത്തം വ്യാപകമാകുന്നത്. പ്രധാനമായും ഞെട്ടരകടവ്, കൂട്ടിലക്കടവ്, നെല്ലിപ്പുഴ, കുന്തിപ്പുഴ, അരിയൂർതോട് എന്നിവിടങ്ങളിലാണ് വ്യാപകമായ തോതിൽ മീൻപിടിക്കുന്നത് വ്യാപകമാകുന്നത്.
ജില്ലയിൽ മഴമാറി വേനൽ കനത്തതോടെ ജലാശയങ്ങളിൽ തോട്ടുപൊട്ടിച്ചുള്ള മീൻപിടിത്തം സജീവമാണ്. കുളങ്ങളിലും കനാലുകളിലും ചെറുതും വലുതുമായ പുഴകളിലുമാണ് ഇത്തരത്തിൽ മീൻപിടിത്തം വ്യാപകമാകുന്നത്.
മുണ്ടൂർ, കല്ലടിക്കോട്, മണ്ണാർക്കാട് മേഖലകളിലാണ് ഇത് വ്യാപകമായിട്ടുള്ളത്. കയങ്ങളിൽ കപ്പപൊടിച്ചതുമെല്ലാം പുഴകളിൽ വെള്ളം കെട്ടിനില്ക്കുന്ന ഭാഗങ്ങളിൽ നിക്ഷേപിക്കുന്നു. വെള്ളത്തിൽ തീറ്റകാണുന്പോൾ മീനുകൾ കൂട്ടമായെത്തുന്നതോടെ തോട്ട കത്തിച്ചിടുന്നതാണ്.
ഇതോടെ മീനുകൾ നിമിഷങ്ങൾക്കകം ചത്തുപൊങ്ങും. ഇതിനുപുറമെ മീൻതീറ്റയിലും കപ്പ പൊടിയിലും വിഷംകലർത്തി മീനുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ വിതറുന്നതോടെ ഇവ ചത്തുപൊങ്ങുകയും ചെയ്യുന്നു.
ഇത്തരത്തിൽ വിഷം കലർത്തിയുള്ള മീൻപിടിത്തം ജലാശയങ്ങൾ ഉപയോഗിക്കുന്നവരിൽ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് പ്രധാന പ്രശ്നം.
ഇത്തരത്തിൽ മീൻപിടിത്തം രൂക്ഷമായതോടെ പലഭാഗങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുകയും രാത്രികാലങ്ങളിലും മറ്റും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.