അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം ഡിസംബറോടെ പൂർത്തിയാക്കും. മണ്ണുംപുറം കോളനിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഉദ്യോഗസ്ഥർ ക്ക് നിർദേശം നൽകിയത്.
അഞ്ചു യൂണിറ്റുകളിലായി 204 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഫ്ലാറ്റ് നിർമാണത്തിന് തുടക്കമിട്ടത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് നിർമാണം തടസപ്പെട്ടു. ഇപ്പോൾ പൈലിംഗ് പൂർത്തിയായി വരികയാണ്.
സമയ ബന്ധിതമായി ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കാനും, ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നിർമ്മാണത്തിൽ 24 കുടുംബങ്ങളെക്കൂടി പാർപ്പിക്കുന്നതിനുള്ള ഫ്ലാറ്റിന്റെ പണി വേഗത്തിൽ ആരംഭിക്കുമെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു.
അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി മത്സ്യ ഗ്രാമങ്ങളിൽ കടൽത്തീരത്തിന്റെ 50 മീറ്ററിനോട് ചേർന്ന് താമസിക്കുന്ന 204 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കുക.
റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 3.49 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് ഫ്ലാറ്റ് രൂപകൽപ്പന ചെയ്ത് നിർമിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ഫ്ലാറ്റ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും.