ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ നിന്നു കരിമണൽ കടത്തിക്കൊണ്ടുപോകുന്ന സർക്കാർ നടപടിക്കെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ 25ന് തീരദേശ ഹർത്താൽ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു, ധീവര സഭ ജനറൽ സെക്രട്ടറി വി. ദിനകരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൻ പോലീസ് സന്നാഹത്തോടെ തോട്ടപ്പള്ളിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇന്നലെ ഉണ്ടായത്. പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിച്ചുനീക്കുന്നതിന് ഉന്നത പോലീസ് സംഘമാണ് തന്പടിച്ചത്. നിരന്തരം കടലാക്രമണമുണ്ടാകുന്ന ഈ പ്രദേശത്ത്നിന്നു മണൽ കടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതാക്കൾ പറഞ്ഞു.
പൊഴിമുറിക്കുന്നതിനെതിരെയല്ല മുറിച്ചെടുക്കുന്ന മണ്ണ് അവിടെ നിക്ഷേപിക്കാതെ കടത്തിക്കൊണ്ടുപോകുന്നതിനെതിരെയാണ് സമരമെന്ന് എം. ലിജു പറഞ്ഞു.
അതേസമയം കാലവർഷം ശക്തി പ്രാപിക്കുന്നതിനുമുൻപ് തോട്ടപ്പള്ളി പൊഴി മുറിച്ചില്ലെങ്കിൽ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശം പൂർണമായും വെള്ളത്തിൽ ആകുമെന്നത് കണക്കിലെടുത്താണ് സമയബന്ധിതമായി പൊഴി മുറിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.
പൊഴി മുറിക്കുന്പോൾ പൊഴിയിൽ നിന്നു മാറ്റുന്ന കരിമണൽ മുൻകാലങ്ങളിൽ സ്വകാര്യ വ്യക്തികൾ എടുത്തുമാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പല തർക്കങ്ങളും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പൊഴിമുറിക്കുന്പോൾ മാറ്റുന്ന മണൽ നീക്കാൻ ചവറയിലുള്ള കേരള മിനറൽസ് ആൻഡ് മെറ്റൽസിനെ ചുമതലപ്പെടുത്തിയത്.
പൊതു മേഖല സ്ഥാപനം മണൽ കൊണ്ടുപോകുന്നതിനാൽ അഴിമതിയുടെ പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ, പൊതുമേഖലാ സ്ഥാപനത്തിന് മണൽ കൊടുക്കുന്നത് ഇഷ്ടപെടാത്ത സ്വകാര്യ മണൽ ലോബിക്കുവേണ്ടിയാണ് കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ആരോപിച്ചു.
പ്രശ്നത്തിന്റെ പേരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കടന്നുകയറിയ കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്ന് ആർ. നാസർ ആവശ്യപ്പെട്ടു.