അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകഫെഡറേഷന്‍. വെള്ളപ്പൊക്ക ഭീഷണിയില്‍നിന്നു കുട്ടനാടിനെ രക്ഷിക്കാനായി രണ്ടു ജലനിര്‍ഗമന മാര്‍ഗങ്ങളാണ് ജില്ലയ്ക്കുള്ളത്.
പ്രധാനമായും അധികമായി വരുന്ന വെള്ളത്തെ തള്ളി പുറംകടലിലേക്ക് അയക്കുന്നത് തണ്ണീര്‍മുക്കം ഷട്ടറിലൂടെയും തോട്ടപ്പള്ളി സ്പില്വേയിലൂടെയുമാണ്. തണ്ണീര്‍മുക്കം ബണ്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടിയിരിക്കുന്നതുമൂലം വേമ്പനാട്ട് കായലിലേക്കുള്ള ജലനിര്‍ഗമനം സുഖമായി നടക്കുന്നുണ്ട്.
എന്നാല്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്പകുതിയോളം ഷട്ടറുകള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുന്നത് വളരെ അടിയന്തരമായി തുറക്കേണ്ടതാണ്.
തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള നെല്‍ – നാളികേര കര്‍ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന് നിവേദനം സമര്‍പ്പിച്ചു.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് അധികമായാല്‍ ഉടന്‍തന്നെ തുറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിവേദനത്തിനു മറുപടിയായി കളക്ടര്‍ അറിയിച്ചതായി ബേബി പാറക്കാടന്‍ പറഞ്ഞു.