അമ്പലപ്പുഴ: അറ്റകുറ്റപ്പണികള്‍ കൃത്യസമയത്തു നടത്താത്തതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുരുമ്പെടുത്ത നിലയില്‍. വെള്ളപ്പൊക്ക കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ സഹായിക്കുന്നതാണ് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍.
നാല്പതു ഷട്ടറുകളാണ് സ്പില്വേയ്ക്കുള്ളത്. ഇതില്‍ 39 ഷട്ടറുകളും തുറന്നിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഒരു ഷട്ടര്‍ തകര്‍ന്നിരുന്നു. ഏഴാം നമ്പര്‍ ഷട്ടറാണ് തകര്‍ന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു തകര്‍ന്ന ഷട്ടര്‍ ഇതുവരെ നന്നാക്കിയിട്ടില്ല. അന്നുമുതല്‍ ആ ഷട്ടര്‍ തുറക്കാനായിട്ടില്ല.
കൂടാതെ ബാക്കിയുള്ളവയില്‍ അഞ്ചോളം ഷട്ടറുകളുടെ അയണ്‍ റോപ്പ് പൊട്ടിയിട്ടുമുണ്ട്. പുതിയ റോപ്പുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ജലവകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം ഇതുവരെ റോപ്പുകള്‍ ഘടിപ്പിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജലവകുപ്പ് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ല.
2016-17 കാലത്താണ് പുതിയ ഷട്ടറുകള്‍ സ്ഥാപിച്ചത്. പിന്നീട് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടേയില്ല. പകുതിയില്‍ അധികം ഷട്ടറുകള്‍ ദ്രവിച്ച നിലയിലാണ്. ഇവയുടെ മോട്ടോറുകളും പ്രവര്‍ത്തന സജ്ജമല്ല.
പ്രവര്‍ത്തനമുള്ള ഷട്ടറുകളുടെ മോട്ടോറുകളില്‍ നിന്ന് വൈദ്യുതിലൈന്‍ വലിച്ചാണ് തകരാറിലായ മോട്ടോറുകളുള്ള ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചു കഴിഞ്ഞാല്‍ ലീഡിംഗ് ചാനല്‍ വഴി ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടേണ്ടത് ഈ ഷട്ടറുകള്‍ വഴിയാണ്.