അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കു പ്രയോജനപ്പെടാതെ തോട്ടപ്പള്ളി തുറമുഖം. സർക്കാർ ഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ചു നിർമിച്ച തുറമുഖം കാഴ്ചവസ്തുവായി. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. രണ്ടാംഘട്ട വികസനം കടലാസിലൊതുങ്ങിയതോടെ തുറമുഖം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ ലൈലാൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. 1987ൽ ഫിഷ് ലാൻഡിംഗ് സെന്ററായാണ് ഇതിനു തുടക്കമായത്. 1991ൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമാണം പൂർത്തിയായി. പിന്നീട് 2004ൽ തുറമുഖ നിർമാണോദ്ഘാടനം നടന്നു.
2011 ൽ തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടന്നു. 15 കോടിയോളം രൂപ ഖജനാവിൽനിന്ന് ചെലവഴിച്ച് നിർമിച്ച, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഈ ഹാർബർ പ്രവർത്തനം തുടങ്ങി മൂന്നുവർഷം പിന്നിട്ട് 2014ൽ പ്രവർത്തനരഹിതമായി.
രണ്ടാംഘട്ട വികസനം
പൊഴിമുഖത്ത് മണലടിഞ്ഞു കയറി തുറമുഖത്ത് മണൽ നിറഞ്ഞതോടെ വലിയ ലൈലാൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം എങ്ങുമെത്തിയില്ല. പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐആർഇക്ക് അനുമതി നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് പിന്നീട് വിവാദമായ കരിമണൽ ഖനനവും തോട്ടപ്പള്ളിയിൽ ആരംഭിച്ചത്. ഇപ്പോൾ ചെറിയ ഡിസ്ക്കോ വള്ളങ്ങൾ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയിൽ നിർമാണം നടത്തിയതിലൂടെ ഖജനാവിലെ കോടികളാണ് പാഴായത്. ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ തുറമുഖത്തിനാണ് ഇപ്പോൾ ഈ അവസ്ഥ.
മണലൂറ്റ് കേന്ദ്രം
വെറും മണലൂറ്റ് കേന്ദ്രം മാത്രമായി തോട്ടപ്പള്ളി തുറമുഖം മാറുന്നതാണ് കാണുന്നത്. ഇതോടെ തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തിവന്ന ആയിരക്കണക്കിനു തൊഴിലാളികളും ദുരിതത്തിലായി. തുറമുഖ വികസനത്തിനായി മാറി മാറി വന്ന സർക്കാരുകൾ കോടികൾ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും യാഥാർഥ്യമായില്ല.
200 ഓളം ലൈലാൻ ഡ് വള്ളങ്ങൾക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപകൽപന ചെയ്തത്. എന്നാൽ, തുറമുഖമാകെ മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് മറ്റു തുറമുഖങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. മണലടിഞ്ഞു കയറാതിരിക്കാൻ വടക്ക് ഭാഗത്താരംഭിച്ച പുലിമുട്ട നിർമാണവും ഇഴഞ്ഞു നീങ്ങുകയാണ്. ട്രോളിംഗ് കാലത്തിൽ ജില്ലയിലെ നൂറുകണക്കിന് വള്ളങ്ങൾക്ക് ആശ്രയമാകേണ്ട തുറമുഖത്തിന്റെ ദുരവസ്ഥക്ക് ഇനിയും പരിഹാരമായിട്ടില്ല.