കോഴഞ്ചേരി: മഹാപ്രളയം തകർത്ത തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കാർഷികനഷ്ടം തിരികെ പിടിക്കാൻ നാളുകൾ വേണ്ടിവരും.പന്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തെയും പ്രളയം അപഹരിച്ചതോടെ കാർഷികമേഖല പൂർണമായി ഇല്ലാതായി.
വെള്ളങ്ങൂർ, പാലയ്ക്കാട്ട് ചിറ, കുടുന്ത പാടശേഖരങ്ങളിലെ കൃഷികൾ പൂർണമായി നശിച്ചു. കുലയ്ക്കാറായ ഏത്തവാഴകൾ, ഞാലിപ്പൂവൻ, പാളന്തോടൻ വാഴകൾ എല്ലാം കൂട്ടത്തോടെ ഒടിഞ്ഞുവീണു. പച്ചക്കറി കൃഷികൾ നാമമാത്രമായിപ്പോലും അവശേഷിക്കുന്നില്ല. കുറിയന്നൂർ പ്രദേശത്താണ് ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ചത്.
വാഴക്കൃഷി, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവയ്ക്കുണ്ടായ നഷ്ടത്തോടൊപ്പം ജാതി , മംഗോസ്റ്റിൻ, ഡ്രാഗണ് ഫ്രൂട്ട് , റംപൂട്ടാൻ വിവിധതരം വാഴകൾ തുടങ്ങി ധാരാളം കൃഷികളും പന്പാ നദിയുടെ തീരത്തുള്ള കൃഷിയിടവും ഫലവൃക്ഷങ്ങളിലെ വിളവുകൾ സംസ്കരിച്ച് എടുക്കുന്നതിനുള്ള കെട്ടിടങ്ങളും അതിനുള്ളിലെ സംവിധാനങ്ങളും പൂർണമായും നഷ്ടപ്പെട്ടു.
പ്രളയദുരിതത്തിൽ തോട്ടപ്പുഴശേരിക്കുണ്ടായ ഭീമമായ നഷ്ടം മനസ്സിലാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്പെഷൽ സെക്രട്ടറി വി.ആർ.ശർമയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത് കർഷകരിൽ പ്രതീക്ഷ വർധിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. ചിറയിറന്പ്, കുറിയന്നൂർ പ്രദേശങ്ങളാണ് പ്രധാനമായും സംഘം സന്ദർശിച്ചത്.
ജോർജ് മാമ്മൻ കൊണ്ടൂരിനെ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വാർഡംഗങ്ങളായ ലതാ ചന്ദ്രൻ, മഞ്ജു ലക്ഷ്മി എന്നിവരടങ്ങിയ ജനപ്രതിനിധികൾ കേന്ദ്രസംഘത്തിന് നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ വിവരിച്ച് നല്കി.