ആമ്പല്ലൂർ: യുഡിഎഫ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് കർഷകരുടെ മാർച്ച് നടത്തി. തോട്ടറ പുഞ്ചക്കായി വകയിരുത്തിയ 17 ലക്ഷം രൂപ വിനിയോഗിക്കാത്ത ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
അടുത്ത സാമ്പത്തിക വർഷം ആദ്യം സബ്സിഡി നൽകുമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ഡിസിസി ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ മാർച്ച് ഉദ്ഘാനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ആർ. ഹരി അധ്യക്ഷത വഹിച്ചു.
മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വേണു മുളന്തുരുത്തി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ജെ. ജോസഫ്, മുസ്ലീം ലീഗ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. അബ്ദുൾ കരീം തുടങ്ങിയവർ പ്രസംഗിച്ചു.യുഡിഎഫ് നടത്തിയ കർഷക മാർച്ച് പഞ്ചായത്ത് കവാടത്തിൽ മുളന്തുരുത്തി പോലീസ് തടഞ്ഞു.
അതേസമയം പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ എൽഡിഎഫ് അംഗങ്ങൾക്കു ധർണ നടത്താൻ അനുവദിക്കുകയും ചെയ്തു. ഇതിന് അനുമതി നൽകിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും മുളന്തുരുത്തി പോലീസിനുമെതിരേ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് പരാതി നൽകുമെന്നു യുഡിഎഫ് അറിയിച്ചു.