പുതുക്കാട് : മണ്ഡലത്തിലെ സ്വപ്ന പദ്ധതികളിലൊന്നും ഇരുപത് വർഷത്തിലേറെയായി മുടങ്ങികിടക്കുന്നതുമായ തോട്ടുമുഖം ജലസേചന പദ്ധതിയ്ക്ക് വീണ്ടും പച്ചക്കൊടി. വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലെ ജലസേചന, ശുദ്ധജല ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരമായ പദ്ധതിയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ടെണ്ടർ നടപടികൾ പൂർത്തിയായി. പദ്ധതിയുടെ നിർവഹണത്തിനായി സർക്കാർ 10.17 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
2005ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് തോട്ടുമുഖം ജലസേചന പദ്ധതി നിർമാണോദ്ഘാടനം നടത്തിയത്. പലകാരണങ്ങളാൽ 2008ഓടെ പദ്ധതിയുടെ നിർമാണം മുടങ്ങി. ഈ പദ്ധതിയാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും നിർമാണം ആരംഭിക്കുന്നത്.കൊടകര മണ്ഡലത്തിന്റെ ഭാഗമായിരുന്ന കാലത്ത് എംഎൽഎയായിരുന്ന കെ.പി. വിശ്വനാഥനാണ് പദ്ധതിയ്ക്ക് സർക്കാരിൽ നിന്ന് ഭരണാനുമതി വാങ്ങിയത്. ആദ്യഘട്ടത്തിൽ രണ്ടു കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.
വരന്തരപ്പിള്ളി പൊലിസ് സ്റ്റേഷനുസമീപമുള്ള കുറുമാലിപ്പുഴയിലെ തോട്ടുമുഖത്ത് പന്പ് ഹൗസ് സ്ഥാപിച്ച് അവിടെനിന്നും പന്പ് ചെയ്യുന്ന വെള്ളം2.5 കിലോമീറ്റർ ദൂരത്തുള്ള അളഗപ്പനഗർ പഞ്ചായത്തിലെ വേപ്പൂരിൽ എത്തിച്ച് ഇറിഗേഷൻ കനാലിലൂടെ അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലേയ്ക്ക് ജലവിതരണം നടത്തുകയും, അവിടെ നിന്ന് 2.25 കിലോമീറ്റർ ദൂരത്തിൽ വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലന്പ്ര കുന്നിലെ ടാങ്കിലെത്തിച്ച് ഫീൽഡ് കനാൽ നിർമിച്ച് പഞ്ചായത്തിലെ പ്രദേശങ്ങളിലേയ്ക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 842 ഹെക്ടർ പ്രദേശത്തെ ജലസേചനം സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതിയിലൂടെ മൂന്ന് പഞ്ചായത്തുകളിലേയും കാർഷിക മേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കും. പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ ചില ഭാഗങ്ങൾക്കും പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. പീച്ചിയിലെ ഇടതുകര കനാൽ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശത്തെ കർഷകർക്ക് കുറുമാലിപ്പുഴിയിൽ നിന്നും ലഭ്യമാകുന്ന ജലം വലിയ ആശ്വാസമേകും.
പദ്ധതി പുരോഗമിക്കുന്നതിനിടെ കനാൽ നിർമിക്കേണ്ട ഭാഗങ്ങളിൽ പാറ കണ്ടതാണ് പ്രശ്നങ്ങൾക്ക് തുടങ്ങിയത്. കരാറിൽ പാറ പൊട്ടിക്കൽ ഉൾപ്പെടുത്താത്തിനാൽ കരാറുകാരൻ കരാറിൽ നിന്ന് ഒഴിഞ്ഞു. മറ്റൊരാൾ വീണ്ടും കരാറെടുത്ത് കനാലിന്റെ ഭൂരിഭാഗം പണികളും തീർത്തു. ബാക്കിയുള്ളവ പുതിയ ടെണ്ടറിൽ തീർക്കും. വർഷങ്ങളായി മുടങ്ങികിടന്ന തോട്ടുമുഖം പദ്ധതി ഏറെ പ്രയാസപ്പെട്ടാണ് ടെണ്ടർ നടപടികളിലേയ്ക്ക് എത്തിച്ചതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതിന് സ്ഥലം ഏറ്റെടുക്കൽ, പ്രളയം തുടങ്ങിയ പ്രതിസന്ധികൾക്കുശേഷം ഒരു വർഷത്തിന് ശേഷമാണ് വീണ്ടും ടെണ്ടർ നടപടികളിലേയ്ക്കെത്തിയത്. ഈ വർഷം പദ്ധതി കമ്മിഷൻ ചെയ്യാനാണ് ഉദ്യേശിക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥിന്റെ ഓഫിസും ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരും അറിയിച്ചു.
റെ