അഞ്ചര ലക്ഷത്തിലേറെ കാണികളും 6,500 ലേറെ ഷെയറുകളുമായി തബുവിന്റെയും ഹിരണിന്റെയും മീൻപിടിത്തം സൂപ്പർ ഹിറ്റായി. പെരിയാറിൽനിന്ന് ഇരുവരും ചേർന്ന് 29 കിലോഗ്രാം തൂക്കമുള്ള കൂരി വാളയെ ചൂണ്ടയിട്ടു പിടിക്കുന്ന 2.52 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണു സൂപ്പർ ഹിറ്റായിരിക്കുന്നത്.
ചൂണ്ടയിൽ കുടുങ്ങിയ കൂറ്റൻമത്സ്യത്തെ കരയിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യം സുഹൃത്താണു മൊബൈൽ കാമറയിൽ പകർത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. “തോട്ടുമുഖം’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലായിരുന്നു അത്. ഇതിനകം 5.61 ലക്ഷം പേർ ഇതു കണ്ടു. 6,565 തവണ ഷെയർ ചെയ്യപ്പെട്ടു. കേവലം പത്തു ദിവസത്തിനുള്ളിലാണ് ഈ നേട്ടം. ഇതോടെ തബുവും ഹിരണും താരങ്ങളായി.
ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡ് സ്വദേശികളായ തബുവും ഹിരണും പെരിയാറിൽനിന്നു ചുരുങ്ങിയ ദവസത്തിനുള്ളില് ചൂണ്ടയിട്ടു പിടിച്ചത് പത്തു വമ്പൻ മീനുകളെയാണ്. ഇരുവരും 12 വർഷമായി ചൂണ്ടയിടലിൽ സജീവമാണ്. മീനുകളുള്ള തോടും തടാകവുമെല്ലാം എവിടെയുണ്ടെങ്കിലും ചൂണ്ടയുമായി അങ്ങോട്ട് പോകും. ഇത്തരത്തിൽ കോഴിക്കോട് വരെ പോയി മീൻപിടിച്ച ചരിത്രം തബുവിനുണ്ട്. ഈ മാസം 16നാണു പെരിയാറിൽനിന്ന് ഇതുവരെ പിടിച്ചതിൽ ഏറ്റവും വലിയ മത്സ്യത്തെ ഇവർക്കു കിട്ടിയത്. കഴിഞ്ഞ ദിവസം 24 കിലോഗ്രാം തൂക്കമുള്ള മറ്റൊരു മത്സ്യത്തെയും ഇവർക്കു ലഭിച്ചിരുന്നു. വരുമാനത്തേക്കാളുപരി മീൻപിടിത്തം ഇരുവർക്കും ലഹരിയാണ്. സുഹൃത്തുക്കളുമായി ചേർന്നു പെരിയാർ ആംഗ്ലിംഗ് ക്ലബും രൂപീകരിച്ചിട്ടുണ്ട്.