ഇപ്പോള്‍ ഏത് ഇലക്ട്രോണിക് മാദ്ധ്യമങ്ങളില്‍ നിന്ന് വേണമെങ്കിലും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ മനുഷ്യ ബുദ്ധിയില്‍ നിന്ന് ആളുകളുടെ ചിന്തകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ടെസ്ല ഇന്‍ക്’ എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് ‘ന്യൂറാലിങ്ക് കോര്‍പ്’ എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ‘ന്യൂറല്‍ ലേസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൗണ്‍ലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങള്‍ സംബന്ധിച്ചോ ഗവേഷണങ്ങള്‍ ഏതുതരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ വ്യക്തമല്ല.
കമ്പനിക്ക് തുടക്കം കുറിച്ചതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മെഡിക്കല്‍ ഗവേഷണ സ്ഥാപനമായി ന്യൂറാലിങ്ക് എന്ന കമ്പനി കഴിഞ്ഞ ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ രംഗത്തെ പ്രമുഖ ഗവേഷകര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഏതായാലും അധികം താമസിയാതെ തന്നെ മനുഷ്യമനസിലൂടെ കടന്നുപോകുന്ന ചിന്തകളെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും ആവശ്യം വന്നാല്‍ ചിന്തകളെ അപ്പ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് തെളിഞ്ഞു കഴിഞ്ഞു.