കുമരകം: മങ്കുഴിപാടത്തിന്റെ പുറംബണ്ടിലെ കട്ടയിൽ വളർന്ന ഒരു വാഴയിൽ വിരിയുന്നത് പടുകൂറ്റൻ വാഴക്കുല. തൗസൻഡ് ഫിംഗർ ബനാന (ആയിരം കണ്ണി വാഴ) എന്ന ഇനത്തിൽപ്പെട്ട വാഴ കുലച്ചു ചുണ്ട് വിരിഞ്ഞു കൊണ്ടിരിക്കുന്നത് പുത്തൻപറമ്പിൽ പി.ജെ. ചാക്കോ ( പാപ്പൂട്ടി ) യുടെ പുരയിടത്തിലാണ്. കുലയുടെ നീളം ആറടിപിന്നിട്ടിട്ടും ചുണ്ട് വിരിഞ്ഞുതീർന്നിട്ടില്ല.
പാപ്പൂട്ടിയുടെ സഹധർമ്മിണി ഷീല തിരുവാർപ്പ് മലരിക്കലിൽനിന്നും രണ്ടു വർഷങ്ങൾക്കുമുമ്പ് കൊണ്ടുവന്നു നട്ടതാണ് ഈ വാഴയുടെ വിത്ത്.
പ്രത്യേകമായ ഒരു വളവും വാഴയ്ക്ക് നൽകിയിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്. സാധാരണയായി ഈ ഇനം വാഴ നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നില്ലെന്നും ഭക്ഷ്യയോഗ്യമാണെങ്കിലും അലങ്കാര വാഴയായിട്ടാണ് ഇതിനെ പരിഗണിക്കുന്നതെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.