ന്യൂഡൽഹി: ആയിരം രൂപയുടെ കറൻസി തിരിച്ചെത്തിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ട്വിറ്ററിലൂടെ അറിയിച്ചതാണിത്. ഡിസംബറിൽ ആയിരം രൂപയുടെ കറൻസി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ധനമന്ത്രാലയമെന്ന് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായാണ് സാന്പത്തികകാര്യ സെക്രട്ടറി ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
നിലവിലെ ചില്ലറക്ഷാമത്തിനു പരിഹാരമെന്നോണം 200 രൂപയുടെ കറൻസി കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രം പുറത്തിറക്കിയിരുന്നു. 200 രൂപയ്ക്കൊപ്പം പുതിയ സുരക്ഷാ ഫീച്ചറുകളുമായി 50 രൂപയുടെ നോട്ടും പുറത്തിറക്കി. 100 രൂപ, 500 രൂപ എന്നീ കറൻസികൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനു ഭാഗമായാണ് 200 രൂപയുടെ കറൻസി ഇറക്കിയത്.
പല വിദേശരാജ്യങ്ങളിലും 1 : 2 അല്ലെങ്കിൽ 1 : 2 : 5 എന്ന രീതിയിലാണ് അടുത്തടുത്ത കറൻസികൾ പ്രചാരത്തിലുള്ളത്. അതേ നിലവാരത്തിൽ ഇന്ത്യൻ കറൻസികളെയും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഇപ്പോൾ പ്രചാരത്തിലുള്ള 2000 രൂപയുടെ കറൻസി പിൻവലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി കഴിഞ്ഞ ആഴ്ച ഉറപ്പു പറഞ്ഞിരുന്നു.